ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചതോടെ മുംബൈ, ബംഗളൂരു, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും നിര്‍ത്തി. ഇതോടെ വിസയ്ക്കും ഇമിഗ്രേഷനുമുള്ള സേവനങ്ങള്‍ മന്ദഗതിയിലായി.
കോണ്‍സുലാര്‍ സഹായം ആവശ്യമുള്ളവര്‍ക്ക് ന്യൂഡല്‍ഹിയിലെ എംബസി മാത്രമാണ് ഇനി ആശ്രയം. സഹായം ആവശ്യമുള്ളവര്‍ ന്യൂഡല്‍ഹിയിലെ എംബസി സന്ദര്‍ശിക്കുകയോ ഫോണിലൂടെയോ ഇമെയിലിലൂടെയോ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യണമെന്ന് കോണ്‍സുലേറ്റ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുമെന്ന് കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ വിസ പ്രോസസ് ചെയ്യുന്നതിന് ഇനി കാലതാമസം വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അഞ്ച് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ ജീവനക്കാര്‍ ഇപ്പോഴും ഇന്ത്യയില്‍ തുടരുന്നുണ്ട്. അടിയന്തര പ്രോസസിങ്, വിസ പ്രിന്റിങ്, അപകട സാധ്യതകള്‍ വിലയിരുത്തല്‍, വിസ അപേക്ഷാ കേന്ദ്രങ്ങള്‍, ഇമിഗ്രേഷന്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്ന പാനല്‍ ഫിസിഷ്യന്‍മാര്‍, ക്ലിനിക്കുകള്‍ തുടങ്ങി രാജ്യത്തിനകത്ത് സാന്നിധ്യം ആവശ്യമായ ജോലികളിലായിരിക്കും അവശേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുക. കോണ്‍സുലര്‍ ജോലികള്‍ കൈകാര്യം ചെയ്യുന്ന കനേഡിയന്‍ ജീവനക്കാരുടെ എണ്ണം 27 ല്‍ നിന്നാണ് അഞ്ചായി കുറച്ചത്.
2023 ഒക്ടോബര്‍ 20 നകം ഡല്‍ഹിയിലെ 21 കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്കും ആശ്രിതര്‍ക്കും ഒഴികെയുള്ള മറ്റെല്ലാവര്‍ക്കും ആവശ്യമായ സേവനങ്ങളും സുരക്ഷയും പിന്‍വലിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതോടെയാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ നിലവില്‍ തിരിച്ച് വിളിച്ചത്.
ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളലുകള്‍ വീണത്. കാനഡയില്‍ നടന്ന നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിക്കുകയും ഇന്ത്യ നിരസിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.