ഹമാസിന്റെ ടണലുകള്‍ നിരീക്ഷിക്കുന്നതിലൂടെ ഇറാന്റെ ടണലുകളെപ്പറ്റി ഏകദേശ ധാരണയുണ്ടാക്കാനാകുമെന്നാണ് അമേരിക്കന്‍ സൈന്യത്തിന്റെ നിഗമനം.
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്താനൊരുങ്ങുന്ന കരയുദ്ധം കൊണ്ട് ഹമാസ് ഭീകരരെ പൂര്‍ണമായും ഉന്‍മൂലനം ചെയ്യാന്‍ കഴിയില്ലെന്ന് യുദ്ധ രംഗത്തെ വിദഗ്ധര്‍. ഇസ്രയേലിനെതിരെ ഭൂമിക്കടിയില്‍ ഹമാസ് തീര്‍ത്തിട്ടുള്ള വമ്പന്‍ രഹസ്യ ടണലുകളാണ് മുഖ്യ പ്രതിസന്ധി.
ഈ രഹസ്യ ടണലുകളാണ് ഹമാസിന്റെ ഏറ്റവും വലിയ ശക്തി. വന്‍ ആയുധ ശേഖരമുള്ള ഈ ടണലുകളിലാണ് പ്രധാനപ്പെട്ട ഹമാസ് തീവ്രവാദി നേതാക്കള്‍ ഒളിവില്‍ കഴിയുന്നത്. ഈ ടണലുകളെ പറ്റി വ്യക്തമായ ധാരണയില്ലാതെ കരയാക്രമണത്തിന് ഇറങ്ങിയാല്‍ ഹമാസിനെ തുരത്താനാകില്ല.
ടണലുകളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമുള്ള വഴികള്‍ ഹമാസിന് മാത്രമേ അറിയൂ. ഭൂമിക്കടിയില്‍ 30 മീറ്റര്‍ താഴ്ചയില്‍ 500 കിലോ മീറ്ററോളം ദൂരത്തില്‍ കെട്ടുപിണഞ്ഞത് പോലെ വ്യാപിച്ചിട്ടുള്ള ടണലുകളുടെ സങ്കീര്‍ണമായ ശൃംഖല തീര്‍ത്താണ് ഹമാസിന്റെ പ്രതിരോധം.
ഏകദേശം 5,000 ത്തിലേറെ കവാടങ്ങള്‍ ഈ ടണലുകളിലുണ്ടെന്നാണ് കണക്ക്. അതിനാല്‍ ഭൂമിക്കടിയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും അപ്രതീക്ഷിത പ്രത്യാക്രമണം ഉണ്ടാകാം. ഇതാണ് നേരിട്ടുള്ള കര യുദ്ധത്തിന് ഇസ്രയേല്‍ മടിക്കുന്നതെന്നാണ് കരുതുന്നത്.
എന്നാല്‍ ഈ ടണലുകള്‍ ഇപ്പോള്‍ അമേരിക്കന്‍ കമാന്‍ഡോകളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അത്യാധുനിക റഡാര്‍ സംവിധാനങ്ങളോട് കൂടിയ യു.എസ്.എസ് ഡൈ്വറ്റ് ഡി ഐസനോവര്‍, യു.എസ്.എസ് ഫോര്‍ഡ് എന്നീ അന്തര്‍വാഹിനികളെയും യുദ്ധക്കപ്പലുകളെയും ഗാസയ്ക്ക് സമീപം മെഡിറ്ററേനിയന്‍ കടലില്‍ യു.എസ് വിന്യസിച്ചിട്ടുണ്ട്.
റഡാറുകളുടെ സഹായത്തോടെ ടണലുകള്‍ നിരീക്ഷിച്ച് ഹമാസിന്റെ നീക്കങ്ങളെ പറ്റി ഇസ്രയേലിന് വിവരങ്ങള്‍ കൈമാറുക എന്നതാണ് മുഖ്യ ലക്ഷ്യം. അതേസമയം ഒരു ദ്വിമുഖ യുദ്ധ തന്ത്രമാണ് ഈ നീക്കത്തിലൂടെ യു.എസ് പരീക്ഷിക്കുന്നത്. തങ്ങളുടെ മുഖ്യ എതിരാളിയായ ഇറാനെതിരെയുള്ള പടപ്പുറപ്പാട് കൂടിയാണിത്.
ഇറാന്റെ ആണവ പദ്ധതികളില്‍ ടണലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആണവോപകരണങ്ങളുടെ നീക്കത്തിനും മറ്റുമായി ഇത്തരത്തില്‍ സങ്കീര്‍ണങ്ങളായ നിരവധി ടണലുകള്‍ ഇറാന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തെ ആദ്യ ഭൂഗര്‍ഭ വ്യോമ താവളത്തിന്റെ ചിത്രങ്ങള്‍ ഇറാന്‍ പുറത്തു വിട്ടിരുന്നു.
മല നിരകള്‍ക്കുള്ളില്‍ നൂറ് മീറ്ററോളം ആഴത്തിലുള്ള ഇവിടെ ദീര്‍ഘദൂര ക്രൂസ് മിസൈലുകളും ഡ്രോണുകളും യുദ്ധ വിമാനങ്ങളുമടക്കം സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയെന്ന് വ്യക്തമല്ല. ഇസ്രയേല്‍, അമേരിക്ക അടക്കമുള്ള ശത്രു രാജ്യങ്ങളില്‍ നിന്ന് ആക്രമണമുണ്ടായാല്‍ ഇവിടെ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ഹമാസിന്റെ ടണലുകള്‍ നിരീക്ഷിക്കുന്നതിലൂടെ ഇറാന്റെ ടണലുകളെപ്പറ്റി ഏകദേശ ധാരണയുണ്ടാക്കാനാകുമെന്നാണ് അമേരിക്കന്‍ സൈന്യത്തിന്റെ നിഗമനം. ഇറാനുമായി ഏറെ അടുപ്പമുള്ള ഹമാസിന് ടണല്‍ നിര്‍മാണത്തിനാവശ്യമായ സാങ്കേതിക വിദ്യ നല്‍കിയത് ഇറാന്‍ ആയിരിക്കാമെന്നും അമേരിക്കന്‍ സൈനിക നേതൃത്വം കരുതുന്നു.
അങ്ങനെയെങ്കില്‍ ഹമാസ് ടണലുകള്‍ കൃത്യമായി നിരീക്ഷിക്കാനായാല്‍ ഭാവിയില്‍ ഇറാന്റെ ടണലുകളും നിരീക്ഷിക്കാനും പ്രതിരോധിക്കാനും കഴിയുമെന്നും യു.എസ് കരുതുന്നു. യഥാര്‍ത്ഥത്തില്‍ ഗാസയില്‍ അതിന്റെ പരീക്ഷണം കൂടിയാണ് അവര്‍ നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.