ഗാസ: ഗാസയിലേക്കുള്ള സഹായമെത്തിക്കുന്നതിനായി ട്രക്കുകൾ കടന്നു പോകാൻ വേണ്ടി റാഫ അതിർത്തി തുറന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ട്രക്കുകൾ അതിർത്തി കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരുന്നുകളും അവശ്യ വസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകളാണ് ഗാസയിലേക്കു പോകാൻ അതിർത്തിയിൽ കാത്തുകിടക്കുന്നത്.
ഗാസയിലേക്ക് മാനുഷികസഹായമെത്തിക്കാൻ ആദ്യഘട്ടമെന്നനിലയിൽ 20 ട്രക്കുകൾ റാഫ അതിർത്തിവഴി കടത്തിവിടാമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസി അറിയിച്ചിരുന്നെങ്കിലും അതിർത്തി തുറന്നിട്ടിരുന്നില്ല. വ്യോമാക്രമണത്തിൽ തകർന്ന അതിർത്തിയിലെ റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനാലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ, പ്രാദേശിക സമയം പത്ത് മണിയോടെ അതിർത്തി തുറക്കുകയായിരുന്നു.
48 മണിക്കൂറിനുള്ളിൽ ട്രക്കുകൾ ഗാസയിലേക്കു പോകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രയേലും ഈജിപ്ത് പ്രസിഡന്റും ഇക്കാര്യത്തിൽ സന്നദ്ധത അറിയിച്ചുവെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടങ്ങി പതിനഞ്ചാം ദിവസമായ ഇന്ന് നിരവധി ട്രക്കുകൾ ഗാസയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ ടെലിവിഷൻ പുറത്തുവിട്ടു. എന്നാൽ 23 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഗാസയിൽ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന റെഡ് ക്രസന്റ് പറഞ്ഞു.
ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റാഫാ അതിർത്തിയിൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. ''ഈ ട്രക്കുകൾ വെറും ട്രക്കുകളല്ല, ഗാസയിലെ ജനങ്ങൾക്കു മരണത്തിൽനിന്നു ജീവിതത്തിലേക്കുള്ള പിടിവള്ളിയാണ്'' എന്നാണ് ഗുട്ടെറസ് പറഞ്ഞത്. മരുഭൂമിയിലെ ചൂടിനെ അവഗണിച്ച് റാഫാ അതിർത്തിയിലെത്തിയ ഗുട്ടെറസിനു മുന്നിൽ ഈജിപ്തിലെ പ്രതിഷേധക്കാർ പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുയർത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.