ജോസ്‌വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: അണുവായുധ നിർവ്യാപനത്തിനും നിരായുധീകരണത്തിനും വേണ്ടിയുള്ള നയരൂപീകരണത്തിൽ ഇതുമായി ബന്ധപ്പെട്ടവർ ഇപ്പോഴും തുടരുന്ന മെല്ലെപ്പോക്കിനെ അപലപിച്ച് വത്തിക്കാൻ. ഒരു ആണവയുദ്ധത്തിന്റെ അപകടസാധ്യത വീണ്ടും ഉയർന്നുവരുന്ന ഈ അവസരത്തിൽ, ആണവ നിരായുധീകരണത്തിൽ പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിക്കണമെന്നും വത്തിക്കാൻ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനും അപ്പസ്തോലിക്ക് നുൺഷ്യോയുമായ ആർച്ച് ബിഷപ്പ് ഗബ്രിയേൽ ജോർദാനോ കാച്ചയാണ്, ഒക്ടോബർ 17-ന് നടന്ന 78-ാമത് യു എൻ ജനറൽ അസംബ്ലിയുടെ പ്രഥമ കമ്മിറ്റിയിൽ ഈ കാര്യങ്ങൾ ആവശ്യപ്പെട്ടത്. നിരായുധീകരണവും ആഗോള സുരക്ഷയും സംബന്ധിച്ചുള്ള വിഷയങ്ങളാണ് ഇതിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ആയുധങ്ങളുടെ നിയന്ത്രണത്തിനും നിരായുധീകരണത്തിനും, ഈ വിഷയത്തിലുള്ള സുതാര്യതയ്ക്കും വേണ്ടിയുള്ള അന്താരാഷ്ട്ര കരാറുകൾ അവഗണിച്ചുകൊണ്ട്, ആഗോള സമൂഹമൊന്നാകെ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതിലുള്ള വത്തിക്കാന്റെ ആശങ്ക ആർച്ച് ബിഷപ്പ് കാച്ച അറിയിച്ചു. നിരായുധീകരണത്തിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും പാടേ നിലച്ചതായും അദ്ദേഹം പറഞ്ഞു.
അണുവായുധ നിർവ്യാപന കരാർ (NPT) പ്രകാരമുള്ള അവലോകന ചർച്ചകൾ സ്തംഭിച്ചു
അന്താരാഷ്ട്ര സംഘർഷങ്ങൾ വർദ്ധിച്ചു വരുന്നതുമൂലം, ആണവായുധ നിർവ്യാപനത്തിനായുള്ള 1970-ലെ ഉടമ്പടിയുടെ (NPT) പുനരവലോകനത്തിനായി നടത്തേണ്ടിയിരുന്നതും ആനുകാലികപ്രാധാന്യമുള്ളതുമായ ചർച്ചകൾ 2010 -ന് ശേഷം സ്തംഭനാവസ്ഥയിലാണ്.
2015 റിവ്യൂ കോൺഫറൻസ് പരാജയപ്പെട്ടതിനെത്തുടർന്ന്, 2022-ൽ നടത്തിയ ചർച്ചയും റഷ്യ ഉയർത്തിയ എതിർപ്പുമൂലം സമവായത്തിലെത്താതെ നിഷ്ഫലമാവുകയാണ് ഉണ്ടായത്.
ഇറാൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ആണവായുധങ്ങളിലുള്ള വർധിച്ച താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ, ആഗോള നിർവ്യാപന കരാറിന് ഇത് സാരമായ അപകടസാധ്യതകളാണ് സൃഷ്ടിക്കുന്നത്.
രാജ്യങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അവിശ്വാസവും ധ്രുവീകരണവും
2026-ൽ നടക്കാനിരിക്കുന്ന എൻപിടിയുടെ 11-ാമത് അവലോകന സമ്മേളനത്തിനായുള്ള പ്രിപ്പറേറ്ററി കമ്മീഷന്റെ ആദ്യ സമ്മേളനത്തിലും രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ധ്രുവീകരണത്തിന്റെയും അവിശ്വാസത്തിന്റെയും അവസ്ഥയെക്കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക, ആർച്ച് ബിഷപ്പ് കാച്ച തന്റെ പ്രസ്താവനയിലൂടെ പ്രകടിപ്പിച്ചു.
'പരസ്പരവിശ്വാസം ഏറ്റവും ആവശ്യമായ ഈ സമയത്ത്, അതിനുവേണ്ടിയുള്ള സമവായ ചർച്ചകളുടെ അഭാവം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും' - യുഎന്നിലെ വത്തിക്കാൻറെ സ്ഥിരം നിരീക്ഷകൻ എന്ന നിലയിൽ ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. സമ്പൂർണ്ണ ആണവായുധ നിരോധനത്തിലേക്ക് നയിക്കത്തക്കവിധം ആയുധങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആഹ്വാനം അദ്ദേഹം ആവർത്തിച്ചു.
സമവായത്തിലെത്തുന്നതിൽ പരാജയം
നിരായുധീകരണത്തിനു വേണ്ടിയുള്ള കോൺഫറൻസുകൾ തുടർച്ചയായി നിഷ്ഫലമാകുന്നതിനെകുറിച്ച് അപ്പസ്തോലിക്ക് നുൺഷ്യോ ആകുലത പ്രകടിപ്പിച്ചു. ആണവ നിരായുധീകരണവും ആണവായുധങ്ങളുടെ വ്യാപനവും തടയുന്നത് ലക്ഷ്യം വച്ചുകൊണ്ട് ബന്ധപ്പെട്ട എല്ലാവരിൽനിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച്, എത്രയും വേഗം ഒരു കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫലപ്രദമായ കൂട്ടായ നടപടികൾ സ്വീകരിക്കാനും ലോകസമാധാനത്തിന് ഭീഷണിയായ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിരോധനം എന്ന ലക്ഷ്യം കൈവരിക്കാനും എല്ലാ യുഎൻ അംഗരാഷ്ട്രങ്ങളോടും പ്രത്യേകിച്ച് ആണവശക്തികളോടും ആർച്ച് ബിഷപ്പ് കാച്ച അഭ്യർത്ഥിച്ചു. ആണവായുധങ്ങൾ മൂലം മനുഷ്യരാശിക്കും പരിസ്ഥിതിക്കും ഉണ്ടാകാനിടയുള്ള അത്യന്തം വിനാശകരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്തുകൊണ്ട്, സാധിക്കുന്നിടത്തോളം എല്ലാ രാജ്യങ്ങളും വിശിഷ്യ, ആണവ ശക്തികളായ രാജ്യങ്ങളും മത-സാമൂഹിക-അന്താരാഷ്ട്ര സംഘടനകളും സൈനിക-സ്വകാര്യ മേഖലകളിൽ ആയുധ നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും നിയതമായ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ചുള്ള സംവാദങ്ങളിൽ ഏർപ്പെടുകയും സമ്പൂർണ്ണ ആണവനിരായുധീകരണം എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്വപൂർവ്വം പ്രവർത്തിക്കുകയും ചെയ്യണമെന്ന് ആർച്ച് ബിഷപ്പ് എടുത്തുപറഞ്ഞു.
അണുവായുധങ്ങളുടെ ഉപയോഗവും പരീക്ഷണങ്ങളും അവയുടെ പിൻബലത്തിൽ നടത്തുന്ന ഭീഷണികളും ഒരുപോലെ അപലപനീയം
ആണവായുധങ്ങളുടെ ഉപയോഗത്തെയും പരീക്ഷണങ്ങളെയും അവയുടെ പിൻബലത്തിൽ നടത്തുന്ന ഭീഷണികളെയും പരിശുദ്ധ സിംഹാസനം അസന്ദിഗ്ദ്ധമായി അപലപിക്കുന്നതായി ആർച്ച് ബിഷപ്പ് കാച്ച പ്രഖ്യാപിച്ചു. ഇത്തരം ഭീഷണികൾ ലോക വ്യാപകമായി പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ആണവ വിസ്ഫോടനങ്ങൾ ഭൂമിയിലെ ജീവജാല വൈവിധ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കും. ഇത് മനഃപൂർവമോ അല്ലാതെയോ മനുഷ്യരാശിയെ ദുരന്തത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് തള്ളിയിടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ എല്ലാ ആണവായുധ പരീക്ഷണങ്ങളെയും വത്തിക്കാൻ ശക്തമായ ഭാഷയിൽ അപലപിക്കുന്നു - അദ്ദേഹം ആവർത്തിച്ചു.
അവസാനമായി, സംഘർഷങ്ങളുടെയും വാക്പോരുകളുടെയും ഇരുണ്ട മേഘങ്ങൾക്കിടയിലും പ്രത്യാശക്ക് വകയുണ്ടെന്ന് ആർച്ച് ബിഷപ്പ് കാച്ച ഓർമ്മപ്പെടുത്തി. ആണവായുധ നിരോധന ഉടമ്പടിയുമായി (TPNW) ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും രണ്ടാം സമ്മേളനം പരിശുദ്ധ സിംഹാസനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതായി അദ്ദേഹം അറിയിച്ചു. അതോടൊപ്പം, ആണവ നിർവ്യാപനത്തിനായുള്ള (NPT) വർക്കിംഗ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെയും അവലോകനയോഗങ്ങളെയും സ്വാഗതം ചെയ്യുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.