ഭൂമികുലുക്കം : ഏഴുകോടി സഹായധനം നൽകി ക്രോയേഷ്യയിലെ മെത്രാൻ സമിതി

ഭൂമികുലുക്കം : ഏഴുകോടി സഹായധനം നൽകി ക്രോയേഷ്യയിലെ മെത്രാൻ സമിതി

"ദേവാലയങ്ങളുടെ തകർച്ച പരിഹരിക്കാനല്ല ദുരിത ബാധിതരുടെ പ്രശ്നങ്ങൾ തീർക്കുവാനാണ് നമ്മൾ ഊന്നൽ നൽകേണ്ടത്. ": കർദിനാൾ ബോസാനിക്


സാഗ്രെബ് : ക്രൊയേഷ്യയിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏഴു കോടി രൂപ (ഒരു മില്യൺ ഡോളർ )സംഭാവന നൽകി കത്തോലിക്കാ മെത്രാൻ സമിതി.ഡിസംബർ 29 ന് ആയിരുന്നു മധ്യ പൂർവ ക്രോയേഷ്യയെ പിടിച്ചുകുലുക്കിയ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ദുരന്തം സംഭവിച്ചത്. പന്ത്രണ്ടു വയസുകാരി ഉൾപ്പെടെ ഏഴുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ ഇരുപത്താറുപേർക്കു ഗുരുതരമായി പരുക്കേറ്റു. സൈസാക്, സാഗ്രെബ് രൂപതകളുടെ പ്രദേശങ്ങളിൽ ഏറ്റവുമധികം കഷ്ടപ്പെടുന്നവരെ സഹായിക്കുവാൻ ഈ തുക ഉപയോഗിക്കും.

മെത്രാൻ സമിതിയുടെ അടുത്ത യോഗത്തിൽ കൂടുതൽ തുക അനുവദിക്കുമെന്ന് സെക്രട്ടറി ജനറൽ ഫാ. ക്രുനോസ്ലാവ് നൊവാക് അറിയിച്ചു,. ക്രൊയേഷ്യയിലെ കാരിത്താസുമായും ഓർഡർ ഓഫ് മാൾട്ടയുമായും സഹകരിച്ചു ഭവനം നഷ്ടമായവർക്കുവേണ്ടി താത്കാലിക ഭവനങ്ങൾ നിർമിക്കാനും മെത്രാൻ സമിതി തീരുമാനിച്ചു. ഭൂകമ്പത്തിൽ തകർന്ന പട്ടണങ്ങൾ മെത്രാന്മാർ സന്ദർശിച്ചു.

കർദിനാൾ ജോസിപ് ബോസാനിക് തന്റെ സഹായ മെത്രാന്മാർക്കും തദ്ദേശ മെത്രാനായ വ്ലാഡോ കോസിക്കിനുമൊപ്പം സസീന പട്ടണത്തിലെ ഇടവക ദേവാലയത്തിൽ വച്ച് ദുരന്ത ബാധിതർക്കായി പ്രാർത്ഥിച്ചു. ഭൂകമ്പത്തിൽ ഈ ദേവാലയം വലിയ രീതിയിൽ തകർക്കപ്പെടുകയും ദേവാലയത്തിലെ ഗാന ശുശ്രൂഷകനായ സ്റ്റാൻകോ സെക് അവശിഷ്ടങ്ങൾക്കിടയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.

ദുരിതങ്ങളിലൂടെ ദൈവം നമ്മോടു സംസാരിക്കുകയാണെന്നും പ്രത്യാശയെ ഉണർത്തുവാൻ ആഹ്വാനം ചെയ്യുകയാണെന്നും കർദിനാൾ ജനങ്ങളോട് പറഞ്ഞു. ഒരൊറ്റ ദിവസംകൊണ്ടു ഭവനരഹിതരായി തീർന്ന ആയിരങ്ങൾ കൂടുതൽ ദുരിതങ്ങൾ നേരിടാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് അദ്ദേഹം കത്തോലിക്കാ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

അത്യാഹിതത്തിൽ ഒരു കത്തീഡ്രലും പന്ത്രണ്ടു ദേവാലയങ്ങളും തകർക്കപ്പെട്ടു. ദേവാലയത്തിലെ തകർച്ചകൾ പരിഹരിക്കാം. എങ്കിലും ദുരിത ബാധിതരുടെ പ്രശ്നങ്ങൾ തീർക്കുവാനാണ് നമ്മൾ ഊന്നൽ നൽകേണ്ടതെന്നും കർദിനാൾ പറഞ്ഞു. എൺപത്താറു ശതമാനത്തോളം കത്തോലിക്കരുള്ള ക്രോയേഷ്യയിൽ ഏറ്റവും നന്മയുടെ വൻവൃക്ഷമായാണ് കത്തോലിക്കാ സഭയെ ജനങ്ങൾ കാണുന്നത്. എല്ലാ ദേശങ്ങളിലെയും പോലെ വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ ഇവിടെയും കത്തോലിക്കാ സഭ മുൻപിൽ നിന്ന് പ്രവർത്തിക്കുന്നു എന്നതാണ് സത്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.