ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയായി മുന്‍ മന്ത്രി പാര്‍ട്ടി വിട്ടു. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ റുസ്തം സിങ് പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും രാജിവച്ചു. റുസ്തം സിങ് രണ്ട് തവണ മത്സരിച്ച മൊറേന മണ്ഡലത്തില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിവിട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
റുസ്തം സിങ് ബിജെപിയുടെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന് പാര്‍ട്ടി ഒരുപാട് അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ രാജി വാര്‍ത്തയോട് പ്രതികരിച്ച്. അതേസമയം റുസ്തം സിങിന്റെ മകന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി അദ്ദേഹത്തിന് സീറ്റ് നല്‍കാതിരുന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. മകന്‍ രാകേഷ് സിങിന് ബിഎസ്പി മൊറേന മണ്ഡലത്തില്‍ സീറ്റ് ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി രഘുരാജ് ഖന്‍സാനയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിനേശ് ഗുജ്ജറുമാണ്.
വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് റുസ്തം സിങ്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരില്‍ രണ്ട് തവണ ക്യാബിനറ്റ് മന്ത്രിയായിട്ടുണ്ട്. മൊറേന മണ്ഡലത്തില്‍ ബിജെപിയുടെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. എന്നാല്‍ മകന് ബിഎസ്പി സീറ്റ് ലഭിച്ചതോടെ പാര്‍ട്ടിക്ക് അദ്ദേഹത്തിലെ വിശ്വാസം നഷ്ടപ്പെടുകയായിരുന്നു. റുസ്തം സിങ് ഇപ്പോള്‍ ബിഎസ്പിയില്‍ ചേര്‍ന്ന് മകന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസ് സര്‍വീസീല്‍ നിന്നും രാജിവച്ച തന്നെ ബിജെപി ബഹുമാനത്തോടെ സ്വീകരിച്ചു. താന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി മൊറേനയെ മികച്ച മണ്ഡലമാക്കാന്‍ ശ്രമിച്ചു. ഇത്തവണയും സര്‍വേയില്‍ പങ്കെടുത്ത മൊറേനയിലെ ജനങ്ങള്‍ താന്‍ വീണ്ടും എംഎല്‍എയാകണമെന്ന് ആഗ്രഹിച്ചെങ്കിലും ബിജെപി തന്നെ അവഗണിച്ചു. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇനിയും ആഗ്രഹിക്കുന്നു. അതിന് ഒരു സ്ഥലം ആവശ്യമാണ്. അതുകൊണ്ട് മകന്‍ ബിഎസ്പിയില്‍ ചേര്‍ന്നുവെന്ന് റുസ്തം സിങ് പറഞ്ഞു.
അതേസമയം മധ്യപ്രദേശില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപി വിടുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്ത നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. സീറ്റിനെ ചൊല്ലി മധ്യപ്രദേശില്‍ നേതാക്കളുടെ പ്രതിഷേധം ശക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.