കൊച്ചി: ഇസ്രയേലും പാലസ്തീനും തമ്മിലുള്ള യുദ്ധം ആഴ്ചകള്‍ പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ സമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സമാധാനം ദൈവത്തിന്റെ ദാനമാണെന്നും സന്മനസുള്ളവര്‍ക്ക് സമാധാനം നല്‍കാനുമാണ് കര്‍ത്താവായ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നതും ജീവിച്ച് മരിച്ച് ഉത്ഥാനം ചെയ്തതും. അവിടത്തെ ജനനത്തില്‍ മാലാഖമാര്‍ പാടിയത് 'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്നായിരുന്നു. തന്റെ ഉത്ഥാനത്തിന് ശേഷം ഈശോ ശിഷ്യന്മാരെ കണ്ടപ്പോള്‍ ആശംസിച്ചതും 'നിങ്ങള്‍ക്കു സമാധാനം' എന്നാണ്. ഈ സമാധാനമാണ് മനുഷ്യവംശത്തിന് എപ്പോഴും ആവശ്യമായിട്ടുള്ളത്.
ഈ യുദ്ധമെന്നല്ല ഒരു യുദ്ധവും ക്രൈസ്തവര്‍ക്ക് അംഗീകരിക്കാനാവില്ലെന്നും യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ലെന്നും മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ് ചെയ്യുന്നതെന്നുമാണ് കര്‍ദിനാളിന്റെ വിലയിരുത്തല്‍. യുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ആരായാലും അവരെ പിന്തുണയ്ക്കുന്നത് യുദ്ധത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്.
യുദ്ധത്തിന്റെ സാഹചര്യത്തില്‍ സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തന്നെ സമാധാനം സ്ഥാപിക്കാനുള്ള പരിശ്രമങ്ങളും നാം നടത്തേണ്ടിയിരിക്കുന്നു. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അനുരഞ്ജനത്തിലും സമാധാനത്തിലും എത്തിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കാണ് നമ്മുടെ പിന്തുണ നല്‍കേണ്ടത്.
അവരുടെ പരിശ്രമങ്ങള്‍ വിജയിക്കാന്‍ നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. അതുപോലെ യുദ്ധം മൂലം വലിയ സഹനങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിസഹായരായ ജനവിഭാഗത്തെ സാധിക്കുന്ന എല്ലാവിധത്തിലും സഹായിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ ഈ മാസം 22 ലെ മധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍ ഉക്രൈയിന്‍ യുദ്ധമുള്‍പ്പെടെ ലോകത്തില്‍ നടക്കുന്ന എല്ലാ യുദ്ധങ്ങളും എപ്പോഴും പരാജയമാണെന്നും അത് മാനവ സാഹോദര്യത്തിന്റെ നാശമാണെന്നും പറഞ്ഞിരുന്നു. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ മാര്‍പാപ്പ അതിയായ ഹൃദയവ്യഥയും പ്രകടിപ്പിക്കുകയുണ്ടായെന്നും കര്‍ദിനാള്‍ പറഞ്ഞു.
സായുധാക്രമണംമൂലം യാതനകളനുഭവിക്കുന്ന എല്ലാവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും മുറിവേറ്റവരുടെയും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും കൂടെ താനുണ്ടെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തിരുന്നു.
യുദ്ധത്തിന്റെ ഈ സാഹചര്യത്തില്‍ ഈ മാസം 27 ന് ലോക സമാധാനത്തിനുവേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ അന്നേ ദിവസം പ്രാര്‍ത്ഥനയ്ക്കായി മാറ്റി വെയ്ക്കുകയും യുദ്ധത്തിനെതിരെയുള്ള എല്ലാ സമാധാന പരിശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യണമെന്നും ലോകത്തില്‍ എല്ലായിടത്തും ശാശ്വതമായ സമാധാനം പുലരട്ടെയെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.