മെല്‍ബണിലെ സിറ്റി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി ചൊല്ലാറുള്ള ക്രിസ്ത്യന്‍ പ്രാര്‍ത്ഥനയ്ക്ക് വോട്ടെടുപ്പിലൂടെ വിലക്ക്

മെല്‍ബണിലെ സിറ്റി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി ചൊല്ലാറുള്ള ക്രിസ്ത്യന്‍ പ്രാര്‍ത്ഥനയ്ക്ക് വോട്ടെടുപ്പിലൂടെ വിലക്ക്

മെല്‍ബണ്‍: പരമ്പരാഗതമായ ക്രൈസ്തവ വിശ്വാസത്തിനെതിരെ നിലപാടെടുക്കുന്ന മറ്റൊരു നിയമനടപടി കൂടി ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കുന്നു. മെല്‍ബണിലെ സിറ്റി കൗണ്‍സില്‍ യോഗങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലാറുള്ള ക്രിസ്ത്യന്‍ പ്രാര്‍ത്ഥനയ്ക്ക് വോട്ടെടുപ്പിലൂടെ വിലക്ക്. നഗരത്തിന്റെ പുരോഗതിക്കായും ജനങ്ങളുടെ ക്ഷേമത്തിനായും പരമ്പരാഗതമായി ചൊല്ലുന്ന പ്രാര്‍ത്ഥനയോടാണ് കൗണ്‍സില്‍ അംഗങ്ങളുടെ അസഹിഷ്ണുത. മനുഷ്യാവകാശ ലംഘനമാണെന്ന വാദം ഉയര്‍ത്തിയാണ് ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലുന്നത് അവസാനിപ്പിക്കാന്‍ പ്രമേയം അവതരിപ്പിച്ചത്.

മെല്‍ബണിന്റെ കിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള ബൊറൂന്ദരയിലാണ് വിവാദ നടപടിയുണ്ടായത്. കൗണ്‍സില്‍ യോഗങ്ങളുടെ തുടക്കത്തില്‍ കൗണ്‍സില്‍ പ്രാര്‍ത്ഥന ചൊല്ലുന്നത് നിര്‍ത്താനുള്ള പ്രമേയം ഒന്നിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് പാസായത്.

കൗണ്‍സില്‍ പ്രാര്‍ത്ഥനയുടെ സംഗ്രഹം ഇങ്ങനെയാണ് - 'സര്‍വശക്തനായ ദൈവമേ, ഈ കൗണ്‍സിലില്‍ ഞങ്ങള്‍ താഴ്മയോടെ അങ്ങയുടെ അനുഗ്രഹം തേടുന്നു. അങ്ങയുടെ മഹത്വത്തിന്റെയും ബൊറൂന്ദര നഗരത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുമായുള്ള ആലോചനകളിലേക്കു നയിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യണമേ ആമേന്‍' എന്നഭ്യര്‍ത്ഥിച്ചാണ് പ്രാര്‍ത്ഥാന അവസാനിക്കുന്നത്.

സഭയും സര്‍ക്കാരും രണ്ടാണെന്ന വാദമാണ് കൗണ്‍സിലറായ വിക്ടര്‍ ഫ്രാങ്കോ ഉന്നയിച്ചത്.
'കൗണ്‍സില്‍ ഒരു പള്ളിയല്ലെന്നും അവിശ്വാസിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിക്ടര്‍ പറയുന്നു.

ഈ വര്‍ഷം ആദ്യം വിക്ടര്‍ ഫ്രാങ്കോ നിയമ സ്ഥാപനമായ മൗറീസ് ബ്ലാക്ക്‌ബേണ്‍ മുഖേനയാണ് കൗണ്‍സിലിന് കത്തെഴുതിയത്. പ്രാര്‍ത്ഥന മനുഷ്യാവകാശങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും വിക്ടോറിയന്‍ നിയമങ്ങളുടെയും ലംഘനമാണെന്ന് വിക്ടര്‍ ഫ്രാങ്കോ ആരോപിക്കുന്നു.

'ബൊറൂന്ദരയുടെ ഈ തീരുമാനം, യോഗങ്ങളുടെ തുടക്കത്തില്‍ പ്രാര്‍ത്ഥന ചൊല്ലുന്ന മറ്റ് കൗണ്‍സിലുകളെയും അവലോകനത്തിന് പ്രേരിപ്പിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് വിക്ടര്‍ ഫ്രാങ്കോ പറഞ്ഞു.

അതേസമയം, കൗണ്‍സിലിന്റെ നടപടിയില്‍ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നത് ക്രിസ്തുമതത്തിലാണ്. അതിനാല്‍ തന്നെ നാടിന്റെ അഭിവൃത്തിക്കു വേണ്ടി പരമ്പരാഗതമായി ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ ആര്‍ക്കാണ് അസഹിഷ്ണുതയെന്നും വിശ്വാസികള്‍ വിമര്‍ശനം ഉന്നയിക്കുന്നു.

നേരത്തെ വിക്ടോറിയന്‍ സംസ്ഥാനത്ത് 'സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് നൂറു വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റാനുള്ള നീക്കം പരാജയപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.