പാലസ്തീനിലെ സാധാരണക്കാരെ മറയാക്കി ഹമാസ് ഒളിച്ചിരിക്കുന്നു; വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ ബൈഡനും ആന്റണി ആല്‍ബനീസിയും

പാലസ്തീനിലെ സാധാരണക്കാരെ മറയാക്കി ഹമാസ് ഒളിച്ചിരിക്കുന്നു; വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ ബൈഡനും ആന്റണി ആല്‍ബനീസിയും

ഗാസയ്ക്ക് മാനുഷിക സഹായമായി ഓസ്ട്രേലിയ 15 മില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചു

വാഷിങ്ടണ്‍: ഹമാസ് ഭീകരര്‍ പാലസ്തീനിലെ ജനങ്ങളെ മറയാക്കി ഒളിച്ചിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് ഭീരുക്കളാണെന്ന് ആരോപിച്ച ബൈഡന്‍ ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ അപലപിക്കുകയും സഖ്യകക്ഷിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

തങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതികരിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും ഇസ്രയേലിനുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഹമാസ് ഭീകരര്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് ആവശ്യമായ സഹായങ്ങള്‍ തങ്ങള്‍ ഉറപ്പാക്കും.

അതേസമയം, ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസിയുടെ വാക്കുകള്‍ ഇങ്ങനെ... ഇസ്രയേലായാലും പാലസ്തീനായാലും ഓരോ നിരപരാധിയുടെയും ജീവന്‍ നഷ്ടപ്പെടുമ്പോഴും തങ്ങള്‍ക്ക് ദു:ഖമുണ്ടെന്നും ആല്‍ബനീസി പറഞ്ഞു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ആദരവ് പരമപ്രധാനമാണെന്നും ആല്‍ബനീസി അഭിപ്രായപ്പെട്ടു.

ഗാസയിലെ സാധാരണക്കാര്‍ക്ക് മാനുഷിക സഹായമായി 15 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. ഇതുകൂടാതെ ഭക്ഷണത്തിനും മെഡിക്കല്‍ സേവനങ്ങള്‍ക്കുമായി ഓസ്‌ട്രേലിയ 10 മില്യണ്‍ ഡോളര്‍ നേരത്തെ അനുവദിച്ചിരുന്നു.

ഹമാസിനെ ഓസ്ട്രേലിയ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഹമാസുമായി ബന്ധമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉപരോധവും ആസ്തി മരവിപ്പിക്കലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹമാസ് ഒരിക്കലും ഗാസ മുനമ്പിലെ ബഹുഭൂരിപക്ഷം വരുന്ന പാലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്ന് ജോ ബൈഡന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗാസയിലെ നിരപരാധികളായ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മെഡിക്കല്‍ സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് ഇസ്രയേലിനോടും പാലസ്തീനോടും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നെന്നും ബൈഡന്‍ പറഞ്ഞു.

ഗാസ മുനമ്പില്‍ ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ മോചിപ്പിക്കാന്‍ യു.എസ് രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഹമാസ് ഉപേക്ഷിച്ചവരും തടവിലാക്കിയവരുമായ അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കാനും വിദേശ പൗരന്മാരെ ഗാസയില്‍ നിന്ന് സുരക്ഷിതമായി കടത്തിവിടാനും മേഖലയിലെ ഞങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കക്കാര്‍ മാത്രമല്ല, ഓസ്‌ട്രേലിയയിലെയും ഒരു കൂട്ടം ജനങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.