ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെന്ന് ജോ ബൈഡന്‍

ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി 20 സമ്മേളനത്തില്‍ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമുണ്ടായിരുന്നു. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് മേഖലയെ പൂര്‍ണമായും ഒരു റെയില്‍ റോഡ് ശൃംഖലയിലൂടെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രൂപവല്‍കരിച്ച പദ്ധതി ഇക്കൊല്ലം ആദ്യമാണ് ആരംഭിച്ചത്.

ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് ഇതുമൊരു കാരണമാകാമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ അത് സ്ഥിരീകരിക്കാന്‍ തക്ക തെളിവുകളൊന്നും ഇപ്പോള്‍ തന്റെ പക്കലില്ലെന്നും അദേഹം പറഞ്ഞു.

വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള ഏകീകരണ പ്രവര്‍ത്തനത്തിലുണ്ടാകുന്ന പുരോഗതിയാകാം ചിലപ്പോള്‍ ഹമാസിന്റെ ആക്രമണത്തിനുള്ള കാരണം. എന്നാല്‍ ആക്രമണത്തിന്റെ പശ്ചാത്തലം മുന്‍നിര്‍ത്തി സുപ്രധാന പദ്ധതിയോ ഏകീകരണ പ്രവര്‍ത്തനങ്ങളോ ഉപേക്ഷിക്കാനാകില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

സാമ്പത്തികമായും രാഷ്ട്രീയമായും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ സഹകരണം എല്ലാ വിധത്തിലുമുള്ള വികസനത്തെ ത്വരിതപ്പെടുത്തുമെന്നും ഈ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹവര്‍ത്തിത്വം ആവശ്യമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

യു.എസ്, ഇന്ത്യ, സൗദി അറേബ്യ, യു.എ.ഇ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാഷ്ട്രത്തലവന്‍മാര്‍ സംയുക്തമായാണ് സെപ്റ്റംബറില്‍ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതിയ്ക്ക് ബദലായാണ് ഇതിനെ പലരും നോക്കിക്കാണുന്നത്.

ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും സാമ്പത്തിക ഇടനാഴിയില്‍ ഉള്‍പ്പെടുന്നു. ഈ സാമ്പത്തിക ഇടനാഴിയാകാം ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിനു പിന്നിലെന്നും ബൈഡന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.