റഷ്യന്‍ ബന്ധമുള്ള സഭയെ നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്തി ഉക്രെയിന്‍ പാര്‍ലമെന്റ്

റഷ്യന്‍ ബന്ധമുള്ള സഭയെ നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്തി ഉക്രെയിന്‍ പാര്‍ലമെന്റ്

കീവ്: റഷ്യയുമായി ബന്ധം പുലര്‍ത്തുന്ന സഭയെ നിരോധിക്കുന്ന നിയമനിര്‍മ്മാണം നടത്തി ഉക്രെയ്ന്‍ പാര്‍ലമെന്റ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തെ ഉള്ളില്‍ നിന്നു ദുര്‍ബലപ്പെടുത്തുന്നതു തടയാന്‍ നിയമനിര്‍മാണം അനിവാര്യമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നേരത്തെ നിലപാടെടുത്തിരുന്നു.

വെര്‍ഖോവ്ന റാഡ എന്നറിയപ്പെടുന്ന ഉക്രെയ്നിലെ നിയമനിര്‍മ്മാണ സമിതിയാണ് കഴിഞ്ഞ ദിവസം ബില്‍ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 267 പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 15 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ നിയമമാകുന്നതിന് രാജ്യത്തിന്റെ പ്രസിഡന്റ് ഒപ്പിടണം.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മോസ്‌കോയിലെ പാത്രിയര്‍ക്കീസുമായി അടുപ്പമുള്ള ഉക്രെയ്‌നിലെ സഭാ നേതാക്കളെ ലക്ഷ്യമിട്ടാണ് നിരോധനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'ഉക്രെയ്‌നിനെതിരെ സായുധ ആക്രമണം നടത്തുന്ന രാജ്യത്തിന്റെ ഭരണകൂട കേന്ദ്രങ്ങളില്‍ സ്വാധീനമുള്ള മത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയമനിര്‍മാണത്തിലൂടെ നിരോധിക്കുമെന്ന് ബില്ലില്‍ പറയുന്നു.

ഉക്രെയ്‌നിലെ 4.3 കോടി ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ഉക്രെയിനിലെ ഓര്‍ത്തഡോക്സ് സഭയിലെ പ്രബലവിഭാഗം റഷ്യന്‍ പാത്രിയര്‍ക്കേറ്റില്‍ നിന്നു വിടുതല്‍ നേടുകയും സ്വതന്ത്ര ഉക്രെയ്ന്‍ സഭയായി മാറുകയും ചെയ്തിരുന്നു. അപ്പോഴും ഒരു വിഭാഗം റഷ്യന്‍ പാത്രിയര്‍ക്കീസിനോടു കൂറ് പ്രകടിപ്പിക്കുന്നുണ്ട്. അവരെയാണ് ഉക്രെയ്ന്‍ ഭരണകൂടം ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

മതത്തേക്കാള്‍ ഉപരി റഷ്യന്‍ സ്വാധീനത്തിനെതിരേയാണ് വോട്ട് എന്നും നിയമനിര്‍മ്മാണം ഉക്രെയ്‌നിന്റെ ദേശീയ സുരക്ഷയെ സംരക്ഷിക്കുന്നതിനാണെന്നും യൂറോപ്യന്‍ സോളിഡാരിറ്റി പാര്‍ട്ടിയില്‍പ്പെട്ട പാര്‍ലമെന്റ് അംഗം ഐറിന ഹെരാഷ്ചെങ്കോ അവകാശപ്പെട്ടു.

അതേസമയം, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പാത്രിയാര്‍ക്കീസ് കിറില്‍ നിയമനിര്‍മാണത്തെ അപലപിച്ചു, ഇത് ഉക്രെയ്ന്‍ ഭരണകൂടത്തെ നിരീശ്വര ഭരണകൂടങ്ങള്‍ക്ക് തുല്യമാക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.