റേഷന്‍ അഴിമതി: പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു

റേഷന്‍ അഴിമതി: പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇ.ഡി സംഘം അദേഹത്തെ അറസ്റ്റ് ചെയ്തത്.

മുന്‍ ഭക്ഷ്യമന്ത്രിയും ഇപ്പോഴത്തെ വനം മന്ത്രിയുമാണ് ജ്യോതിപ്രിയ മല്ലിക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെ മല്ലിക്കിന്റെ വസതിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസില്‍ അറസ്റ്റിലായ വ്യവസായി ബാകിബുര്‍ റഹ്മാനുമായുള്ള മല്ലിക്കിന്റെ ബന്ധമാണ് നടപടിക്ക് കാരണം.

മന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരും സംഭവ സ്ഥലത്തുണ്ടായിരുന്നു. സി.ആര്‍.പി.എഫും ഇ.ഡിക്കൊപ്പമെത്തിയിരുന്നു. താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന് മല്ലിക്ക് പറഞ്ഞു. മന്ത്രിയുടെ അറസ്റ്റില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ബംഗാള്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അധ്യാപക റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട അഴിമതി കേസിലായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് വന്‍തോതില്‍ പണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമേ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവായ അഭിഷേക് ബാനര്‍ജിയെ ഇ.ഡി നിരവധി തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കല്‍ക്കരി അഴിമതി കേസിലായിരുന്നു ചോദ്യം ചെയ്യല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.