ഫാ. റിച്ചാര്‍ഡ് ലോറന്‍സണ്‍ ന്യൂസിലന്‍ഡിലെ ഹാമില്‍ട്ടണ്‍ രൂപതയുടെ പുതിയ ഇടയന്‍

ഫാ. റിച്ചാര്‍ഡ് ലോറന്‍സണ്‍ ന്യൂസിലന്‍ഡിലെ ഹാമില്‍ട്ടണ്‍ രൂപതയുടെ പുതിയ ഇടയന്‍

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിലെ ഹാമില്‍ട്ടണ്‍ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. റിച്ചാര്‍ഡ് ലോറന്‍സണെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വത്തിക്കാനില്‍നിന്നു വന്നത്.

55 വയസുകാരനായ നിയുക്ത ബിഷപ്പ് ലോറന്‍സണ്‍, കാനോന്‍ അഭിഭാഷകനും കൂടിയാണ്. നിലവില്‍ പാപമോവ തീരത്തെ ഓള്‍ സെയിന്റ്‌സ് ബൈ ദ സീ എന്ന ഇടവകയില്‍ സേവനം ചെയ്യുന്നു. ഹാമില്‍ട്ടണില്‍ തന്നെ ജനിച്ച് വളര്‍ന്ന്, അവിടെതന്നെ ബിഷപ്പായി നിയമനം ലഭിച്ചതിനാല്‍ മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രേക്ഷിത ദൗത്യം സുഗമമായിരിക്കുമെന്ന പ്രതീക്ഷയിലാണ് രൂപതാംഗങ്ങള്‍.

ഹാമില്‍ട്ടണ്‍ രൂപതയുടെ സ്റ്റാന്‍ഡിംഗ് ബിഷപ്പായിരുന്ന ബിഷപ്പ് സ്റ്റീഫന്‍ ലോയെ 2021-ല്‍ ഓക്ലന്‍ഡ് ബിഷപ്പായി നിയമിച്ചതു മുതല്‍ ഹാമില്‍ട്ടണ്‍ രൂപതയ്ക്ക് ബിഷപ്പ് ഇല്ലായിരുന്നു. ഈ അനിശ്ചിതത്വത്തിനാണ് ഇപ്പോള്‍ വിരാമമായത്.

ഏകദേശം 19,000 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഹാമില്‍ട്ടണ്‍ രൂപത വെല്ലിങ്ടണ്‍ അതിരൂപതയുടെ അധികാരപരിധിയിലാണ്. 2021-ലെ ഒരു സര്‍വേ പ്രകാരം 70,000 കത്തോലിക്കര്‍ ഈ രൂപതയ്ക്കു കീഴിലുണ്ട്. ന്യൂസിലന്‍ഡില്‍ ആകെ ആറ് രൂപതകളാണുള്ളത്. അതില്‍ രണ്ടെണ്ണത്തിന് ഈ വര്‍ഷം വരെ ബിഷപ്പുമാരുടെ അഭാവം ഉണ്ടായിരുന്നു.

പാമര്‍സ്റ്റണ്‍ നോര്‍ത്ത് ബിഷപ്പായി ജോണ്‍ ആഡംസിനെ നിയമിച്ചതോടെ ആറ് ന്യൂസിലന്‍ഡ് രൂപതകളെയും നയിക്കാന്‍ മെത്രാന്മാരായി.

ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ലോറന്‍സണിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു - 'തന്റെ പുതിയ ദൗത്യത്തെ ഭയവും സമാധാനവും ഇടകലര്‍ന്ന ഭാവത്തോടെയാണ് കാണുന്നത്, പ്രത്യേകിച്ചും ദൈവത്തിന് മാത്രം അറിയാവുന്ന ഭാവിയിലേക്ക് നോക്കുമ്പോള്‍'.

'1994 ഡിസംബറില്‍ ഡീക്കനായി നിയമിതനായപ്പോള്‍ മുതല്‍ ജീവിതം കര്‍ത്താവിന് പൂര്‍ണമായും സമര്‍പ്പിച്ചു. വിശ്വാസം എന്നത് എളുപ്പമുള്ള വാക്കാണ്, പക്ഷേ ജീവിച്ചു കാണിക്കാന്‍ പ്രയാസമാണ്. മുന്നോട്ടുള്ള യാത്രയില്‍ അവിടുത്തെ നിരാശപ്പെടുത്തരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് എന്ന നിലയില്‍ സുവിശേഷവല്‍ക്കരണം, ആരാധനക്രമത്തിന്റെ ഉന്നമനം, മതബോധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫാ. ലോറന്‍സണ്‍ പറഞ്ഞു.



പൂച്ചകളെ ഏറെ സ്‌നേഹിക്കുന്ന ഫാ. റിച്ചാര്‍ഡ് ലോറന്‍സണ്‍ നിര്‍മലമായ മനസിന് ഉടമയാണ്. 1968-ല്‍ ഹാമില്‍ട്ടണിലാണ് ജനനം. 1995-ല്‍ വൈദികനായി. ഹാമില്‍ട്ടണ്‍ രൂപതയിലുടനീളമുള്ള നിരവധി ഇടവകകളില്‍ സേവനം ചെയ്തു. രൂപതയുടെ ചാന്‍സലറും കണ്‍സള്‍ട്ടേഴ്സ് കോളജിലെ അംഗവും 2019 മുതല്‍ ന്യൂസിലന്‍ഡിലെ കാത്തലിക് ചര്‍ച്ചിന്റെ ട്രൈബ്യൂണലില്‍ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട് (വിവാഹം റദ്ദാക്കുന്ന കേസുകളില്‍ വാദിക്കുന്നു) എന്ന സ്ഥാനവും വഹിക്കുന്നു. ഒരു ദശാബ്ദക്കാലം സൈനിക ചാപ്ലിന്‍ എന്ന നിലയില്‍ അദ്ദേഹം ബൊഗെയ്ന്‍വില്ലിലും തിമോര്‍-ലെസ്റ്റിലും സമാധാന സേനയില്‍ സേവനമനുഷ്ഠിച്ചു.

'ശരിയായ ദൈവാരാധന സാധ്യമാക്കാനും യുവാക്കളെ കര്‍ത്താവിനൊപ്പമുള്ള സാഹസികമായ ജീവിതത്തിലേക്ക് ക്ഷണിക്കാനും നമുക്ക് പുരോഹിതന്മാരെ ആവശ്യമുണ്ട്. നമ്മുടെ എല്ലാ രൂപതകളിലും പൊതുവെ കുറവുള്ള ഒരു കാര്യം, മുതിര്‍ന്നവര്‍ക്കായുള്ള ഇടവക അടിസ്ഥാനത്തിലുള്ള മതബോധനമാണ്. ഇത് ഞങ്ങളുടെ പരിഗണയിലുള്ള ഒരു കാര്യമാണ്'- ഫാ. ലോറന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ എട്ടിന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഫാ. ലോറന്‍സണ്‍ ഹാമില്‍ട്ടണ്‍ രൂപതയുടെ മെത്രാനായി സ്ഥാനമേല്‍ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.