വത്തിക്കാൻ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി ഫോണിൽ സംസാരിച്ചു. എർദോഗന്റെ അഭ്യർഥന മാനിച്ചാണ് ഫോൺ സംസാരമെന്നും വിശുദ്ധ നാട്ടിലെ യുദ്ധത്തിന്റെ സാഹചര്യത്തിലായിരുന്നു സംഭാഷണമെന്നും വത്തിക്കാൻ പ്രസ്സ് റൂം ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു.
സംഭവിക്കുന്ന കാര്യങ്ങളിൽ മാർപാപ്പ തന്റെ വേദന അറിയിക്കുകയും വത്തിക്കാന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇസ്രയേലിൽ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ സിവിലിയന്മാരുടെ കൊലപാതകങ്ങളെയും തട്ടിക്കൊണ്ടുപോകലിനെയും അപലപിച്ചിട്ടില്ലാത്ത തുർക്കി പ്രസിഡന്റ് ഗാസയിൽ ഇപ്പോൾ നടക്കുന്നത് ഒരു ‘കൂട്ടക്കൊല’ എന്നാണ് വിശേഷിപ്പിച്ചത്.
ഹമാസ് ഒരു ഭീകരസംഘടനയല്ല; ഇത് തങ്ങളുടെ ഭൂമിയെയും പൗരന്മാരെയും സംരക്ഷിക്കാൻ പോരാടുന്ന വിമോചനപോരാളികളുടെ ഒരു കൂട്ടമാണെന്ന് ഒക്ടോബർ 25 ന് തുർക്കി പാർലമെന്റിനു മുമ്പാകെ നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് എർദോഗാൻ പ്രസ്താവിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനും എതിർപ്പിനും കാരണമായി മാറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26