നിക്കരാഗ്വയില്‍ ഭരണകൂട ഭീകരത തുടരുന്നു; ഫ്രാന്‍സിസ്‌കന്‍ സഭയുടേത്‌ ഉള്‍പ്പെടെ 25 സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

നിക്കരാഗ്വയില്‍ ഭരണകൂട ഭീകരത തുടരുന്നു; ഫ്രാന്‍സിസ്‌കന്‍ സഭയുടേത്‌ ഉള്‍പ്പെടെ 25 സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മനാഗ്വേ: നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവര്‍ക്കെതിരേയുള്ള പ്രതികാര നടപടികള്‍ തുടരുന്നു. ഫ്രാന്‍സിസ്‌കന്‍ ഫ്രിയേഴ്സ് മൈനറിന്റെയും മറ്റ് നിരവധി ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും ഉള്‍പ്പെടെ 25 സ്ഥാപനങ്ങളുടെ നിയമപരമായ വ്യക്തിത്വവും രജിസ്ട്രേഷനും ഭരണകൂടം റദ്ദാക്കി. കഴിഞ്ഞ ദിവസം ഔദ്യോഗിക പത്രമായ ലാ ഗസെറ്റയിലൂടെയാണ് ഭരണകൂടത്തിന്റെ ഈ തീരുമാനം പ്രഖ്യാപിച്ചത്.

വിദ്യാഭ്യാസ മന്ത്രാലയവും പോലീസും ചേര്‍ന്ന് നിക്കരാഗ്വയിലെ മതാഗല്‍പയില്‍ സ്ഥിതി ചെയ്യുന്ന സാന്‍ ഫ്രാന്‍സിസ്‌കോ ഡി അസീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തു,

വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ നിന്ന് നീക്കം ചെയ്യുകയും ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ അറിയിക്കാമെന്ന് പറയുകയും ചെയ്തതല്ലാതെ കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്ന എല്ലാ കമ്പ്യൂട്ടറുകളും ഉള്‍പ്പെടെ പോലീസ് കൊണ്ടുപോയി.

നവംബറില്‍ അധ്യയന വര്‍ഷം അവസാനിക്കാനിരിക്കെയാണ് ജപ്തി നടപടികള്‍. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിയെയും അനിശ്ചിതത്വത്തിലാക്കി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഭരിച്ചിരുന്ന ഫ്രാന്‍സിസ്‌കന്‍ ഓര്‍ഡര്‍ ഓഫ് ഫ്രിയേഴ്‌സ് മൈനര്‍ സന്യാസ
സമൂഹത്തിന്റെ നിയമപരമായ പദവി റദ്ദാക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സാന്‍ ഫ്രാന്‍സിസ്‌കോ ഡി അസീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തത്. 1972 ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.

സ്വേച്ഛാധിപത്യം റദ്ദാക്കിയ, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍.പി.ഒകളില്‍ ലാസ് ഗൊലോന്‍ഡ്രിനാസ് വിമന്‍സ് അസോസിയേഷന്‍, ഓട്ടിസം ബാധിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സമഗ്രമായ പരിചരണം നല്‍കാനുള്ള ഫൗണ്ടേഷന്‍ സെന്റര്‍ (കൈന്ന) എന്നിവയും ഉള്‍പ്പെടുന്നു. സംഘടനകള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഈ സംഘടനകള്‍ റദ്ദാക്കുന്നതിന് ഭരണകൂടം ആരോപിക്കുന്ന കാരണങ്ങളിലൊന്ന്, അവര്‍ സാമ്പത്തിക കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ, അവരുടെ ഡയറക്ടര്‍ ബോര്‍ഡുകളെ അറിയിക്കുകയോ ചെയ്തില്ല എന്നതാണ്. അറ്റോര്‍ണി ജനറലിന്റെ ഓഫീസ് മുഖേന ഈ ഓര്‍ഗനൈസേഷനുകളുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ നിക്കരാഗ്വ സര്‍ക്കാരിന്റെ കൈകളിലേക്ക് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി മരിയ അമേലിയ കോറണല്‍ കിന്‍ലോച്ച് വ്യക്തമാക്കുന്നു.

നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നിശിത വിമര്‍ശകനായ മതഗല്‍പ മെത്രാന്‍ റൊളാന്‍ഡോ അല്‍വാരസിന് 26 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചിരുന്നു. രൂപതയുടെ ഉടമസ്ഥതയിലുള്ള റേഡിയോ, ടിവി സ്റ്റേഷനുകള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു. വത്തിക്കാന്‍ സ്ഥാനപതിയെയും മദര്‍ തെരേസയുടെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി അംഗങ്ങളെയും കഴിഞ്ഞ വര്‍ഷം നിക്കരാഗ്വ പുറത്താക്കിയിരുന്നു. നിരവധി ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.