അച്ചു ഉമ്മന്റെ പരാതി ലഭിച്ച ദിവസം തന്നെ നടപടി സ്വീകരിച്ചു: വനിതാ കമ്മീഷന്‍

അച്ചു ഉമ്മന്റെ പരാതി ലഭിച്ച ദിവസം തന്നെ  നടപടി സ്വീകരിച്ചു: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നതു സംബന്ധിച്ച് അച്ചു ഉമ്മന്‍ ഇ-മെയില്‍ മുഖേന നല്‍കിയ പരാതി ലഭിച്ച ദിവസം തന്നെ തുടര്‍നടപടി സ്വീകരിച്ചിരുന്നതായി കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.

മലയാളത്തിലെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിട്ട സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ മയപ്പെടുത്തിയ നിലപാടിനോട് അച്ചു ഉമ്മന്റെ പ്രതികരണം. ഈ പ്രതികരണത്തിന്റെ മറുപടിയായിട്ടാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് അച്ചു ഉമ്മന്റെ പരാതി ഇ-മെയിലായി വനിതാ കമ്മിഷന് ലഭിച്ചത്. അന്നു തന്നെ ഈ പരാതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. അന്വേഷണത്തിനായി ചുമതലപ്പെടുത്തി കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ കത്തിന്റെ പകര്‍പ്പ് അച്ചു ഉമ്മന് ഇ-മെയില്‍ മുഖേന സെപ്റ്റംബര്‍ ഒന്നിന് തന്നെ ലഭ്യമാക്കിയിരുന്നു. ഇക്കാര്യത്തില്‍ മേല്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നുള്ള വിവരം അച്ചു ഉമ്മന്റെ അറിവിലേക്കായി കത്തില്‍ രേഖപ്പെടുത്തിയിരുന്നു.

അച്ചു ഉമ്മന്റെ പരാതിയെപ്പറ്റി കോട്ടയം ഡി.വൈ.എസ്.പി അന്വേഷം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ഈ വിഷയവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 29 ന് തിരുവനന്തപുരം പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം 27 ന് ലഭിച്ച കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ഇതേ ദിവസം തന്നെ അച്ചു ഉമ്മന് ഇ-മെയിലായി ലഭ്യമാക്കിയിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.