ഓസീസിനെ വിറപ്പിച്ച് വീണ് കിവീസ്; അവസാന ഓവര്‍ ത്രില്ലറില്‍ ഓസീസ് ജയിച്ചത് 5 റണ്‍സിന്

ഓസീസിനെ വിറപ്പിച്ച് വീണ് കിവീസ്; അവസാന ഓവര്‍ ത്രില്ലറില്‍ ഓസീസ് ജയിച്ചത് 5 റണ്‍സിന്

ധര്‍മശാല: ഐസിസി ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വിജയം. 389 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ കിവീസ് ഓസീസ് പടയെ വിറപ്പിച്ചാണ് അവസാന ഓവറില്‍ കീഴടങ്ങിയത്.

രചിന് രവീന്ദ്രയുടെ സെഞ്ചുറിയുടെയും ജെയിംസ് നീഷാമിന്റെ വെടിക്കെട്ടിന്റെയും കരുത്തിലായിരുന്നു കിവികളുടെ ഉഗ്രന്‍ പോരാട്ടം. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. ജെയിംസ് നീഷാമിന്റെ പോരാട്ടം ടീമിനെ ജയത്തിലേക്ക്് അടുപ്പിക്കുമെന്നു കരുതിയെങ്കിലും താരം അഞ്ചാം പന്തില്‍ റണ്ണൗട്ടായതോടെ അഞ്ചു റണ്‍സിന് കീഴടങ്ങുകയായിരുന്നു.

89 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറുമടക്കമാണ് രചിന്‍ രവീന്ദ്ര 116 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച നീഷാം മൂന്ന് വീതം സിക്‌സും ഫോറും അടക്കം 39 പന്തില്‍ നിന്ന് 58 റണ്‍സ് നേടി. ഓസീസിനായി സാംപ മൂന്നു വിക്കറ്റെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെയും വാര്‍ണറിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ഇവര്‍ക്കു പുറമെ മാക്‌സ് വെല്‍, കമ്മിന്‍സ് എന്നിവരും വെടിക്കെട്ട് ബാറ്റിംഗിലൂടെ സ്‌കോര്‍ ഉയര്‍ത്തി.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കമ്മിന്‍സ് 14 പന്തില്‍ നാല് സിക്സിന്റെയും രണ്ട് ബൗണ്ടറികളുടെയും അകമ്പടിയോടെ 37 റണ്‍സെടുത്തു. ന്യൂസീലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട്, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സാന്റ്നര്‍ രണ്ട് വിക്കറ്റെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.