മഹ്സ അമിനിക്ക് ശേഷം അര്‍മിത ഗരവന്ദ്; ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനില്‍ മതപോലീസിന്റെ മര്‍ദനത്തിനിരയായ പതിനാറുകാരി മരിച്ചു

മഹ്സ അമിനിക്ക് ശേഷം അര്‍മിത ഗരവന്ദ്; ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനില്‍ മതപോലീസിന്റെ മര്‍ദനത്തിനിരയായ പതിനാറുകാരി മരിച്ചു

ടെഹ്റാന്‍: ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ മതപൊലീസ് മര്‍ദിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന പതിനാറുകാരി മരിച്ചു. അര്‍മിത ഗരവന്ദ് ആണ് മരിച്ചത്. ഒരു മാസം മുന്‍പ് മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മര്‍ദനത്തിനിരയായത്. 28 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ പെണ്‍കുട്ടി കഴിഞ്ഞ ദിവസം രാവിലെ മരണത്തിന് കീഴടങ്ങി.

ഈ മാസം ഒന്നിന് അര്‍മിത ഗരവന്ദ് ടെഹ്റാന്‍ മെട്രോയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടയിലാണ് മതപൊലീസിന്റെ മര്‍ദനമേറ്റത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു

കുര്‍ദിഷ് വംശജയായ പെണ്‍കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അര്‍മിത ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. പൊലീസ് അര്‍മിതയെ മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇതു നിഷേധിച്ചു. യാത്രയ്ക്കിടെ രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുെവന്നാണ് അധികൃതരുടെ വിശദീകരണം.

2022 സെപ്റ്റംബറില്‍ ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്സ അമിനി എന്ന 22 കാരി ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. ഇതിനെതിരെ ഇറാനില്‍ വനിതകളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.

വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കുള്ള ജയില്‍ ശിക്ഷ കഴിഞ്ഞ മാസം ഇറാന്‍ പാര്‍ലമെന്റ് കടുപ്പിച്ചിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. മൂന്ന് വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നിയമം നടപ്പാക്കാനാണ് പാര്‍ലമെന്റ് അനുമതി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.