സിഡ്‌നി: ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്നിയിലും മെല്‍ബണിലും പാലസ്തീനെയും ഇസ്രായേലിനെയും അനുകൂലിച്ച് വന്‍ പ്രകടനങ്ങള്‍. സിഡ്നിയിലെ ഹൈഡ് പാര്‍ക്കില്‍ നടന്ന പാലസ്തീന്‍ അനുകൂല റാലിയില്‍ മതമുദ്രാവാക്യങ്ങള്‍ മുഴക്കിയും പാലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിപ്പിടിച്ചും ആയിരങ്ങള്‍ പങ്കെടുത്തു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത പോലീസ് സുരക്ഷയിലാണ് റാലികള്‍ നടന്നത്.
സിഡ്നിയില്‍ തന്നെ മാര്‍ട്ടിന്‍ പ്ലേസില്‍ നടന്ന പ്രകടനം ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേലി പൗരന്മാരെ വിട്ടയക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രകടനം വികാരനിര്‍ഭരമായിരുന്നു. മാര്‍ട്ടിന്‍ പ്ലേസിലെ തെരുവില്‍, തട്ടിക്കൊണ്ടു പോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രതീകാത്മകമായി ഒഴിഞ്ഞ ശിശുവാഹിനികള്‍ (പ്രാം) നിരത്തിവച്ചും വിവിധ പ്രായത്തിലുള്ളവരുടെ നിരവധി ഷൂസുകള്‍ നിരത്തിയും നടന്ന റാലിയില്‍ ആയിരങ്ങള്‍ ഇസ്രയേലിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി. ബന്ദികളാക്കപ്പെട്ടവരുടെ മുഖവും പ്രായവും പേരുകളും പതിപ്പിച്ച് 'അവരെ വീട്ടിലേക്ക് കൊണ്ടുവരിക' എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകളും കൈയിലേന്തിയായിരുന്നു റാലി.
ഹമാസ് ബന്ദികളാക്കിയ 230 പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ കൂടുതല്‍ ശ്രമം ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് ഗാസയിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സിഡ്നിയിലെ ഹൈഡ് പാര്‍ക്കില്‍ റാലി നടത്തിയത്. പലസ്തീന്‍ വംശജരും അറബ് പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള പ്രതിഷേധക്കാരും റാലിയില്‍ പങ്കെടുത്തു.
മെല്‍ബണിലും ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആയിരത്തിലധികം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ഗാസയില്‍ നിരപരാധികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ മരണം തടയാനുള്ള നടപടികള്‍ ഇസ്രയേല്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പലസ്തീന്‍ പതാകകളും ബാനറുകളും വഹിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ സ്റ്റേറ്റ് ലൈബ്രറിയില്‍ നിന്ന് സ്വാന്‍സ്റ്റണ്‍ സ്ട്രീറ്റിലേക്കും തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്കും നടന്നു. ഇസ്രയേലിനെ അനുകൂലിച്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുകയും ചെയ്തു.
രണ്ട് റാലികള്‍ക്കും ന്യൂ സൗത്ത് വെയില്‍സ് പോലീസിന്റെ അനുമതി മുന്‍കൂറായി നേടിയിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയില്ലെന്നും പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.