കെ ആർ എൽ സി സി (യു എ ഇ) ലാറ്റിൻ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ ഉത്‌ഘാടന പ്രസംഗത്തിൽ നിന്ന്
കേരളത്തിലെ ലത്തീൻ സമുദായം ദേശാടനപക്ഷികൾ കാറ്റിനെ അതിജീവിക്കുന്ന രീതി കണ്ടു പഠിക്കണമെന്ന് ആഹ്വാനം ചെയ്തു കെ ആർ എൽ സി ബി സി പ്രസിഡന്റ് ബിഷപ്പ് ജോസഫ് കരിയിൽ. ഇന്ന് വെകുന്നേരം കെ ആർ എൽ സി സി യുടെ ലാറ്റിൻ ഡേ ഓൺലൈൻ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പ്രവാസത്തിലും സഹോദരന്റെ കാവലാളാകുക എന്ന ചിന്താവിഷയം സ്വീകരിച്ച സമ്മേളനത്തിലാണ് ദേശാടന പക്ഷികളെ മാതൃകയാക്കാൻ ബിഷപ്പ് കരിയിൽ നിർദേശിച്ചത്.
ദേശാടന പക്ഷികൾ ഇംഗ്ലീഷ് അക്ഷരമായ വി യുടെ ആകൃതിയിലാണ് പറക്കുക. മുൻപിൽ പറക്കുന്ന പക്ഷി കാറ്റിനെ അതിജീവിച്ചു തളരുമ്പോൾ പിന്പിലോട്ടു വരുകയും പിന്നിലുള്ളവരെ മുൻപിലേക്ക് വരുകയും ചെയ്യുന്നതാണ് അവരുടെ രീതി. നമ്മൾ ഇടക്കൊക്കെ മുകളിലോട്ടു നോക്കുന്നവരാകണമെന്നും മുകളിൽ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നതിനെ ദർശിക്കണമെന്നും അദ്ദേഹം സരസമായി അവതരിപ്പിച്ചു. പുറപ്പെട്ടുപോകാൻ ധൈര്യമുള്ളവർക്കു രക്ഷപെടാൻ സാധിക്കും എന്നത് അബ്രഹാമിന്റെ കാലം മുതൽ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. നമ്മിൽ പലർക്കും ആത്മവിശ്വാസം കുറവാണ്. എന്നാൽ പ്രവാസികൾക്ക് സമൃദ്ധമായി ഉള്ളത് ദൈവം കാണിച്ചു തരുന്ന ദേശത്തു പോകാനുള്ള ആത്മവിശ്വാസമാണെന്നും ബിഷപ്പ് കരിയിൽ പറഞ്ഞു.
യൗസേപ്പിതാവിനെ ഓർമ്മിക്കുന്ന ഈ സമയം അപ്രതീക്ഷിത സംഭവങ്ങളെ അതിജീവിച്ച പുണ്യചരിതനെ മാതൃകയാക്കാൻ പ്രവാസികൾക്കാകട്ടെ എന്ന് ബിഷപ് പോൾ ഹിൻഡർ ആശംസിച്ചു. യു എ ഇ യിലെ വിശ്വാസികളുടെ വിശ്വാസ തീക്ഷ്ണതക്കു ഉദാഹരണമാണ് അവരുടെ പ്രാർത്ഥന കൂട്ടായ്മ എന്ന് പറഞ്ഞുകൊണ്ടാണ് ദിവ്യബലി മദ്ധ്യേ പ്രൊക്ലമേഷൻ കമ്മീഷൻ ചെയർമാൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ പ്രസംഗം ആരംഭിച്ചത്. പുനലൂരിൽ ഇരുന്നുകൊണ്ട് അവരോടൊപ്പം ഈ പ്രാർത്ഥനയിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നു ബിഷപ് സാക്ഷ്യപ്പെടുത്തി. അനുകൂലമല്ലാത്ത സാഹചര്യത്തിൽ വിശ്വാസം ഏറ്റുപറയാൻ പ്രവാസികൾ കാണിക്കുന്ന സന്നദ്ധ നാട്ടിലുള്ള തങ്ങൾക്കെല്ലാം മാതൃകയാകുന്നുണ്ടെന്നു ബിഷപ് പൊന്നുമുത്തൻ പറഞ്ഞു.
തിരുവനന്തപുരം അതിരൂപത മെത്രോപ്പോലീത്ത സുസൈപാക്യം, വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ,കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ, കെ ആർ എൽ സി സി വൈസ് പ്രസിഡണ്ട് ഷാജി ജോസ്, ദുബായ് ഇടവക വികാരി ഫാ ലെനി, ദുബായ് മലയാളി സമൂഹത്തിന്റെ ചാപ്ലിൻ ഫാ അലക്സ് വാച്ചാപറമ്പിൽ, ദുബായ് പാരിഷ് കൗൺസിൽ വൈസ് പ്രസിഡണ്ട് മാത്യു തോമസ്, കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷെറി ജെ തോമസ്, കെ എൽ സി ഡബ്ള്യു എ പ്രസിഡന്റ് ജെയിൻ അൻസിൽ ഫ്രാൻസിസ്, ലിഡാ ജേക്കബ് ഐ എ എസ് തുടങ്ങി നിരവധി പ്രമുഖർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു. വ്യത്യസ്ത എമിറേറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിച്ച നിരവധി കലാപരിപാടികൾ ഉണ്ടായിരുന്നു.
ജോസഫ് ദാസൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.