(മുകള്‍നിരയില്‍): ജോണ്‍ ഹോവാര്‍ഡ്, മാല്‍ക്കം ടേണ്‍ബുള്‍, സ്‌കോട്ട് മോറിസണ്‍, (താഴത്തെ നിരയില്‍): ജൂലിയ ഗില്ലാർഡ്, കെവിൻ റഡ്, ടോണി അബോട്ട്
കാന്‍ബറ: ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരെ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകര സംഘടന നടത്തിയ ആക്രമണത്തെ പാര്‍ട്ടി ഭേദമന്യേ ശക്തമായി അപലപിച്ച് ഓസ്ട്രേലിയയിലെ ആറ് മുന്‍ പ്രധാനമന്ത്രിമാര്‍. ഈ സംഘര്‍ഷത്തിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ വംശീയമോ മതപരമോ ആയ വിദ്വേഷ പ്രചാരണത്തിന് സ്ഥാനമില്ലെന്നും ആറു പേരും വ്യക്തമാക്കി.
ലിബറല്‍ പാര്‍ട്ടിയില്‍ നിന്നുള്ള മുന്‍ പ്രധാനമന്ത്രിമാരായ ജോണ്‍ ഹോവാര്‍ഡ്, ടോണി അബോട്ട്, മാല്‍ക്കം ടേണ്‍ബുള്‍, സ്‌കോട്ട് മോറിസണ്‍, രണ്ട് മുന്‍ ലേബര്‍ പ്രധാനമന്ത്രിമാരായ കെവിന്‍ റഡ്, ജൂലിയ ഗില്ലാര്‍ഡ് എന്നിവരാണ് ഇസ്രയേലിന് അനുകൂലമായി സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
ഹമാസ് ബന്ദികളാക്കിയവരെ നിരുപാധികം മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്താവനയില്‍ ദുരിതമനുഭവിക്കുന്ന നിരപരാധികളായ പാലസ്തീനികള്‍ക്ക് മാനുഷിക സഹായം എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ആള്‍നാശം ഒഴിവാക്കണമെന്ന് ഇരുകൂട്ടരോടും ആവശ്യപ്പെടുന്ന പ്രസ്താവനയില്‍, ഇസ്രായേലിനും പാലസ്തീനുമിടയില്‍ ശാശ്വത സമാധാനത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണയും അറിയിക്കുന്നുണ്ട്. ഓസ്ട്രേലിയയില്‍ താമസിക്കുന്ന ജൂത, പാലസ്തീന്‍ സമൂഹത്തിനുള്ള പിന്തുണയും ആറ് മുന്‍ പ്രധാനമന്ത്രിമാരും വാഗ്ദാനം ചെയ്യുന്നു.
പ്രസ്താവനയിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ് - 'ഓസ്ട്രേലിയ രാജ്യത്തിന്റെ മൂല്യങ്ങളോടും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളോടും വിശ്വാസങ്ങളോടും നാം കാണിക്കുന്ന ആദരവാണ് നമ്മുടെ ബഹുസ്വര സംസ്‌കാരത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം. ലോകത്ത് മറ്റെവിടെ സംഭവിച്ചാലും വംശീയമോ മതപരമോ ആയ വിദ്വേഷത്തിന് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല'.
'യഹൂദ വിരുദ്ധതയെക്കാള്‍ ദുഷിച്ച വംശവിദ്വേഷം വേറെയില്ല. ഹമാസിന്റെ ഭീകരത നേരിട്ട് അനുഭവിച്ച, ഓസ്ട്രേലിയന്‍ ജൂത സമൂഹത്തിന്റെ ഇസ്രായേലിലെ കുടുംബാംഗങ്ങളുടെ നഷ്ടവും വേദനയും വളരെ വലുതാണ്. അതു മാത്രമല്ല ഈ പുതിയ സംഭവ വികാസങ്ങള്‍ ചിലര്‍ പരമ്പരാഗമായുള്ള യഹൂദ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതും ഇപ്പോള്‍ കാണാനാകുന്നുണ്ട്'.
'ഈ സമയത്ത് ജൂതരായ ഓസ്ട്രേലിയക്കാരോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു എന്ന് പറയുമ്പോള്‍തന്നെ എല്ലാ വിശ്വാസങ്ങളിലുമുള്ള ബഹുഭൂരിപക്ഷം ഓസ്ട്രേലിയക്കാര്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ഈ ഭയാനകമായ സംഘര്‍ഷത്തില്‍ കുടുംബാംഗങ്ങള്‍ മരിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന ഓസ്ട്രേലിയന്‍ പലസ്തീന്‍ സമൂഹത്തിനൊപ്പം നിലകൊള്ളുകയും ചെയ്യുന്നു'.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ നടത്തിയ ക്രൂരവും നിന്ദ്യവുമായ ആക്രമണത്തെ ആറു പേരും ശക്തമായി അപലപിച്ചു. ഗാസയിലെ നിരപരാധികളെ കൊല്ലുന്ന ഒരു സാഹചര്യത്തിലേക്ക് ഇസ്രയേലിനെ തള്ളിവിടാന്‍ ഹമാസ് ശ്രമിച്ചതായി പ്രസ്താവനയില്‍ പറയുന്നു. പലസ്തീനികളുടെ സുരക്ഷിതത്വത്തില്‍ ഇസ്രയേലികള്‍ക്കുള്ള താല്‍പര്യം പോലും ഹമാസ് ഭീകരര്‍ക്കില്ല.
വിദ്വേഷം വളര്‍ത്തുക എന്നതാണ് അവരുടെ അജണ്ട - ഇസ്രയേലികളോടുള്ള വിദ്വേഷം, ജൂതന്മാരോടുള്ള വെറുപ്പ്, മുസ്ലീങ്ങളോടുള്ള വെറുപ്പ്...
ഓസ്ട്രേലിയയിലെ ജനങ്ങള്‍ പരസ്പരം സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറണമെന്നും ദുരിതമനുഭവിക്കുന്നവരെ പിന്തുണയ്ക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.
ഹമാസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിനൊപ്പം ഗാസയിലെ സാധാരണ ജനങ്ങള്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കണം. ആള്‍നാശം ഒഴിവാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇസ്രയേല്‍ വാഗ്ദാനം ചെയ്യുന്നു, എല്ലാ മാനവികതയോടും കൂടി അത് പാലിക്കാന്‍ ഇസ്രയേലിനു കഴിയണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'.
കുഞ്ഞുങ്ങളും അമ്മമാരും ഉള്‍പ്പെടെ നിരപരാധികളായ ആയിരക്കണക്കിന് പലസ്തീന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിലുള്ള കടുത്ത ആശങ്കയും പങ്കുവച്ചുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്.
അതേസമയം, മുന്‍ പ്രധാനമന്ത്രി പോള്‍ കീറ്റിംഗ് പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. തന്റെ നിലപാട് അദ്ദേഹം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.