ഇസ്രയേലില്‍ നിന്നെത്തിയ ജൂത യാത്രക്കാരെ തേടി റഷ്യന്‍ വിമാനത്താവളത്തില്‍ ഇരച്ചുകയറി പലസ്തീന്‍ അനുകൂലികള്‍; 60 പേര്‍ അറസ്റ്റില്‍: വീഡിയോ

ഇസ്രയേലില്‍ നിന്നെത്തിയ ജൂത യാത്രക്കാരെ തേടി റഷ്യന്‍ വിമാനത്താവളത്തില്‍ ഇരച്ചുകയറി പലസ്തീന്‍ അനുകൂലികള്‍; 60 പേര്‍ അറസ്റ്റില്‍: വീഡിയോ

മോസ്‌കോ: ഇസ്രയേലില്‍നിന്ന് വരുന്ന ജൂത യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റഷ്യയില്‍ 60 പലസ്തീന്‍ അനുകൂലികള്‍ അറസ്റ്റില്‍. കോക്കസസ് റിപ്പബ്ലിക്കായ ഡാഗെസ്താനിലെ വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറിയ 60 പേരെ അറസ്റ്റ് ചെയ്തതായി റഷ്യന്‍ പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം, ടെല്‍ അവീവില്‍ നിന്നുള്ള ഒരു വിമാനം മഖച്കലയില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് സംഭവം. ആള്‍ക്കൂട്ടം ജൂത യാത്രക്കാരെ തേടി ഒരു ഹോട്ടല്‍ ഉപരോധിക്കുകയും വിമാനത്താവളം ആക്രമിക്കുകയും ചെയ്തു. ആക്രമണം ഭയന്ന് യാത്രക്കാര്‍ വിമാനങ്ങളില്‍ അഭയം പ്രാപിക്കുകയും വിമാനത്താവളത്തില്‍ പലയിടത്തായി ഒളിക്കുകയും ചെയ്തു. ആകെ 20 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആരോഗ്യ അധികൃതര്‍ അറിയിച്ചു. പോലീസുമായുള്ള ഉന്തിലും തള്ളിലും ഒന്‍പത് പോലീസുകാര്‍ക്ക് പരിക്കേറ്റു.

ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പലസ്തീന്‍ പതാകകളും ഇസ്രയേല്‍ വിരുദ്ധ പ്ലക്കാഡുകളും കയ്യിലുള്ള നൂറുകണക്കിന് പേരെ വീഡിയോയില്‍ കാണാം. ഇവര്‍ മഖച്കല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലോഞ്ചിലേക്ക് അടക്കം ഇരച്ചുകയറുകയും വിമാനങ്ങളുടെ സമീപം എത്തി ജനാലകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ജനക്കൂട്ടത്തില്‍ ചിലര്‍ റണ്‍വേയിലേക്ക് ഓടിക്കയറി അവിടെയുള്ള വിമാനങ്ങളെ വളഞ്ഞു. അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി റഷ്യന്‍ വ്യോമയാന ഏജന്‍സി അറിയിച്ചു.

ഇസ്രയേല്‍ യാത്രക്കാര്‍ക്കായുള്ള തിരച്ചിലില്‍ ചില പ്രതിഷേധക്കാര്‍ യാത്രാ രേഖകള്‍ കാണണമെന്ന് ആവശ്യപ്പെട്ട് മഖച്കല വിമാനത്താവളത്തിന് പുറത്തും കാറുകള്‍ തടഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാന്‍ റഷ്യയോട് ഇസ്രയേല്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ അമേരിക്ക അപലപിച്ചു.

ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഡാഗെസ്താന്‍ ഗവര്‍ണര്‍ സെര്‍ജി മെലിക്കോവ് ഉറപ്പു നല്‍കി. ആക്രമികളെ 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരില്‍ 60 പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാനത്താവളം ഇപ്പോള്‍ പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. നവംബര്‍ ആറു വരെ വിമാനത്താവളം അടച്ചിടുമെന്ന് റഷ്യയുടെ വ്യോമയാന ഏജന്‍സി ആദ്യം പറഞ്ഞെങ്കിലും ചൊവ്വാഴ്ച വീണ്ടും തുറക്കുമെന്ന് വ്യക്തമാക്കി. കുട്ടികളുടെ കൊലയാളികള്‍ക്ക് ഡാഗെസ്താനില്‍ സ്ഥാനമില്ല എന്നെഴുതിയ ബോര്‍ഡ് പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്.

റഷ്യന്‍ അധികാരികള്‍ എല്ലാ ഇസ്രയേല്‍ പൗരന്മാരെയും സംരക്ഷിക്കുമെന്നും ജൂതന്മാര്‍ക്കും ഇസ്രയേലികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതിനെതിരെ റഷ്യ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും ബെഞ്ചമിന്‍ നെതന്യാഹു പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

കാസ്പിയന്‍ കടലിന്റെ പടിഞ്ഞാറന്‍ അറ്റത്തുള്ള, ഏകദേശം 3.1 ദശലക്ഷം ആളുകള്‍ വസിക്കുന്ന പ്രദേശമാണ് ഡാഗെസ്താന്‍. മോസ്‌കോയിലെ ഇസ്രയേല്‍ അംബാസഡര്‍ റഷ്യന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.