ഹമാസിന്റെ വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇസ്രയേല്‍: സൈനിക ടാങ്കുകള്‍ ഗാസ സിറ്റിയില്‍; സലാ ഹെദിന്‍ റോഡ് അടഞ്ഞു

ഹമാസിന്റെ വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇസ്രയേല്‍: സൈനിക ടാങ്കുകള്‍ ഗാസ സിറ്റിയില്‍; സലാ ഹെദിന്‍ റോഡ് അടഞ്ഞു

ടെല്‍ അവീവ്: ബന്ദികളെ പരസ്പരം വച്ചുമാറാമെന്ന ഹമാസിന്റെ വെടിനിര്‍ത്തല്‍ കരാര്‍ തള്ളിയ ഇസ്രയേല്‍ ഗാസയില്‍ കര, വ്യോമ, നാവികാക്രമണം കൂടുതല്‍ ശക്തമാക്കി.

ഇസ്രയേല്‍ സൈനിക ടാങ്കുകള്‍ ഗാസ സിറ്റിയിലേക്ക് പ്രവേശിച്ചു. ഇതോടെ വടക്കന്‍ ഗാസയെയും തെക്കന്‍ ഗാസയെയും ബന്ധിപ്പിക്കുന്ന സലാ ഹെദിന്‍ റോഡ് അടഞ്ഞു.

ആക്രമണം രൂക്ഷമായ വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ നിലവിലുള്ള ഏക ഹൈവേയാണിത്. റോഡിലൂടെ കടക്കാന്‍ ശ്രമിച്ച വാഹനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ വെടിയുതിര്‍ത്തു. എന്നാല്‍ ടാങ്കുകള്‍ തുരത്തി റോഡ് തുറന്നെന്ന് ഹമാസ് അവകാശപ്പെട്ടു.

വടക്കന്‍ ഗാസയില്‍ ഞായറാഴ്ച രാത്രി തുടങ്ങിയ ആക്രമണത്തില്‍ നിരവധി ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 600 ലേറെ ഹമാസ് കേന്ദ്രങ്ങളും തകര്‍ത്തു. ഗാസയില്‍ മരണം 8500 കടന്നു.

ഗാസയിലേക്ക് വെള്ളം, മരുന്ന്, ഭക്ഷണം, ഇന്ധനം എന്നിവ എത്തിക്കാനുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ ആവശ്യത്തിന് കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. ഘട്ടം ഘട്ടമായി സഹായം വര്‍ധിപ്പിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടതായി അമേരിക്ക അറിയിച്ചു.

അതിനിടെ നെതന്യാഹുവിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മൂന്ന് ഇസ്രയേല്‍ വനിതാ ബന്ദികളുടെ വീഡിയോ ഹമാസ് ഇന്നലെ പുറത്തു വിട്ടിരുന്നു. ക്രൂര മാനസിക പ്രൊപ്പഗാണ്ടയാണിതെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.

അതേസമയം സിറിയയില്‍ നിന്ന് ഇസ്രയേലിന് നേരെ ഇന്നലെയും മിസൈലാക്രമണമുണ്ടായി. ഇതിന് തിരിച്ചടിയായി സിറിയയിലെ സൈനിക കേന്ദ്രങ്ങള്‍ ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ തകര്‍ത്തു.

ലബനനില്‍ നിന്നുള്ള ഹിസ്ബുള്ള ആക്രമണം രാത്രിയിലും തുടര്‍ന്നു. യുദ്ധവ്യാപ്തി ഉണ്ടായാല്‍ ഇറാനും ഇറാന്‍ അനുകൂല സംഘടനകള്‍ക്കുമെതിരെ അമേരിക്ക ഇടപെടുമെന്ന സൂചനയാണ് ഇസ്രയേലും പെന്റഗണും നല്‍കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.