ഉഗ്രശേഷിയുള്ള പുതിയ അണുബോംബ് വികസിപ്പിക്കാന്‍ അമേരിക്ക

ഉഗ്രശേഷിയുള്ള പുതിയ അണുബോംബ് വികസിപ്പിക്കാന്‍ അമേരിക്ക

വാഷിംഗ്ടണ്‍: ഉഗ്രശേഷിയുള്ള പുതിയ ആണവായുധം വികസിപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളില്‍ വര്‍ഷിച്ച ബോംബിനേക്കാള്‍ 24 മടങ്ങ് പ്രഹരശേഷിയുള്ളതാകും പുതിയ ബോംബെന്ന് അമേരിക്കയുടെ പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേ സമയം, നിലവിലുള്ള അണ്വായുധ ശേഖരം വര്‍ധിപ്പിക്കില്ലെന്നും പുതിയ അണുബോംബ് എത്തുന്നതോടെ നിലവിലുള്ള ചില അണുബോംബുകള്‍ നീക്കംചെയ്യുമെന്നും പെന്റഗണ്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

നിലവിലുള്ള ബി61 മോഡല്‍ അണുബോംബിന് പകരക്കാരനാകും പുതിയ ബി61-13 എന്ന കോഡ് നാമത്തില്‍ എത്തുന്ന പുതിയ അണുബോംബ്. പുതിയ ബോബ് നിര്‍മിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ലഭ്യതയ്ക്കും നിര്‍മാണ അനുമതിക്കുമായി പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ ബോംബ് നിര്‍മിക്കുന്നതെന്ന് പ്രതിരോധ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ പ്ലംബ് വെളിപ്പെടുത്തി. എല്ലാ വിധ ആക്രമണത്തില്‍ നിന്നും രാജ്യത്തെ ശക്തമായി പ്രതിരോധിക്കാനും പുറത്തുനിന്ന് ഉണ്ടായേക്കാവുന്ന സ്ട്രാറ്റെജിക് ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാനും പുതിയ ആണവായുധം നിര്‍മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

360 കിലോടണ്‍ ആണ് പുതിയ ബോംബിന്റെ ഭാരം. നിലവിലുള്ള ബി61-7 മോഡല്‍ ബോംബിന്റെ അതേ ഭാരമാണ് ഇതിനുമുള്ളത്. എന്നാല്‍ പ്രഹരശേഷി കൂടും. ഹിരോഷിമയില്‍ 15 കിലോടണും നാഗസാക്കിയില്‍ 25 കിലോടണും ഉള്ള ബോംബുകളായിരുന്നു വര്‍ഷിച്ചിരുന്നത്.

ബി61-12 മോഡല്‍ ബോംബിന് സമാനമായ സുരക്ഷാ സംവിധാനങ്ങളോടെയെത്തുന്ന ബോംബ് കൃത്യതയുടെ കാര്യത്തില്‍ പഴയ മോഡലിനെ മറികടക്കും. ഈ മാസം ആദ്യം നേവാഡയില്‍ അണുബോംബിന്റെ പരീക്ഷണം പെന്റഗണ്‍ നടത്തിയിരുന്നു. ഭൂഗര്‍ഭ അറകളില്‍ ഒളിപ്പിച്ച മറ്റ് ന്യൂക്ലിയര്‍ ബോംബുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യ കൂടുതല്‍ മികവുറ്റതാക്കിയാണ് പുതിയ ബോംബ് എത്തുന്നത്.

1966ല്‍ ഒപ്പുവെച്ച കോംപ്രിഹെന്‍സിവ് ന്യൂക്ലിയര്‍ എക്‌സ്‌പ്ലോസിവ് ടെസ്റ്റ് ബാന്‍ ട്രീറ്റിയില്‍ നിന്ന് റഷ്യ പിന്‍വാങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അമേരിക്ക പുതിയ അണുബോംബിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആണവായുധ നിര്‍മാണം നിരോധിക്കുന്നത് ലക്ഷ്യമിട്ടുള്ള ഈ ദൗത്യത്തിന് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ പിന്തുണ നല്‍കിയിരുന്നില്ല.

പുതിയ ബി61-13 നിലവിലുള്ള ബി61-7ന് പകരക്കാരനാകും. പുതിയ മോഡല്‍ എത്തുന്നതോടെ ഇവ നിലവിലുള്ള ആണവായുധ ശേഖരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടും. നിലവിലുള്ള അണ്വായുധങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കില്ലെന്നും കരുത്ത് മാത്രമേ വര്‍ധിപ്പിക്കുന്നുള്ളുവെന്നും പെന്റഗണ്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.