ടെല്‍ അവീവ്: ഇസ്രയേലിന് നേരെ യെമനില്‍ നിന്ന് ഹൂതി വിമതരുടെ ആക്രമണം. തെക്കന്‍ ഇസ്രയേലിലെ എയ്‌ലാത്ത് നഗരത്തിലാണ് ഇറാന്റെ ശക്തമായ പിന്തുണയുള്ള ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ചെങ്കടല്‍ തുറമുഖ നഗരമായ എയ്‌ലാത്തില്‍ രാവിലെ വ്യോമാക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
ഹൂതി ആക്രമണത്തില്‍ പരിക്കോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഗാസയോടു ചേര്‍ന്ന ഇസ്രേലി പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചവരെ എയ്‌ലാത്തിലെ റിസോര്‍ട്ടുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ചെങ്കടല്‍ വഴി ഇസ്രയേലിനു നേര്‍ക്കുവന്ന ഭൂതല മിസൈല്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചു തകര്‍ത്തതായും ഇസ്രേലി സേന പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
ഇസ്രയേലിനെതിരായ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്നു ഹൂതി സര്‍ക്കാരിന്റെ പ്രധാനമന്ത്രി അബ്ദുള്ളസീസ് ബിന്‍ ഹബ്തോര്‍ സ്ഥിരീകരിച്ചു. യെമന്‍ തലസ്ഥാനമായ സനാ അടക്കം നിയന്ത്രിക്കുന്ന ഹൂതികള്‍ക്ക് ഇറാന്റെ ശക്തമായ പിന്തുണയുണ്ട്.
കഴിഞ്ഞയാഴ്ച യെമനില്‍ നിന്ന് ഇസ്രയേലിന് നേര്‍ക്ക് തൊടുത്ത മിസൈലുകളും ഡ്രോണുകളും യു.എസ് യുദ്ധക്കപ്പല്‍ വെടിവച്ചിട്ടിരുന്നു. ഹൂതി ആക്രമണം ശക്തമായതോടെ കൂടുതല്‍ യു.എസ് യുദ്ധക്കപ്പലുകള്‍ ഇസ്രയേലി തീരത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസിന്റെ മുന്നൂറിലധികം കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ വ്യക്തമാക്കി. വടക്കന്‍ ഗാസയിലെ ഭൂമിക്കടിയിലുള്ള ഹമാസിന്റെ ഒളിസങ്കേതങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഹമാസിന്റെ കരുത്ത് ചോര്‍ത്തും വരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.
ഗാസയില്‍ ഇതുവരെ തങ്ങളുടെ 64 ജീവനക്കാര്‍ മരിച്ചതായി പാലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ സംഘടനാ വക്താവ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇരുപക്ഷവും തമ്മില്‍ ആക്രമണം തുടങ്ങിയ ശേഷം ഗാസയില്‍ ഇതുവരെ 8,525 പേര്‍ മരിച്ചതായി ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.