മാസപ്പടി ആരോപണം: തുടര്‍ നടപടികള്‍ക്കായി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

മാസപ്പടി ആരോപണം: തുടര്‍ നടപടികള്‍ക്കായി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊച്ചി: മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. അഖില്‍ വിജയ് ആണ് അമിക്കസ് ക്യൂറി.

അന്തരിച്ച കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ ബാബു നിര്‍ദേശിച്ചു.

ആരോപണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാരന്‍ മരിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ഗിരീഷ് ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരിക്കും കേസിലെ തുടര്‍ നടപടികള്‍ .

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റ് യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.

എന്നാല്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം നിഷേധിച്ച കീഴ് കോടതി നടപടി തെറ്റാണെന്ന വാദമാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്.

ആദായ നികുതി വകുപ്പിന്റെ ഇന്ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേര്‍ന്ന് കരിമണല്‍ കമ്പനിയില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് രേഖകളിലുള്ളത്. പരാതിക്കാരനായ ഗിരീഷ് ബാബു അസുഖബാധിതനായി ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 18 നാണ് മരിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.