റഷ്യന്‍ അധിനിവേശം തുടര്‍ന്നാല്‍ ഉക്രെയ്‌നിലെ കത്തോലിക്കാ സഭ നാമാവശേഷമാകും; മുന്നറിയിപ്പുമായി ഉക്രെയ്ന്‍ ബിഷപ്പുമാര്‍

റഷ്യന്‍ അധിനിവേശം തുടര്‍ന്നാല്‍ ഉക്രെയ്‌നിലെ കത്തോലിക്കാ സഭ നാമാവശേഷമാകും; മുന്നറിയിപ്പുമായി ഉക്രെയ്ന്‍ ബിഷപ്പുമാര്‍

വാഷിങ്ടണ്‍ ഡിസി: റഷ്യന്‍ അധിനിവേശം തുടര്‍ന്നാല്‍ ഉക്രെയ്‌നിലെ കത്തോലിക്കാ സഭ നാമാവശേഷമാക്കപ്പെടുമെന്ന ആശങ്ക പങ്കുവച്ച് ഉക്രെയ്‌നിലെ കത്തോലിക്കാ ബിഷപ്പുമാര്‍. കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡിസിയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ബിഷപ്പുമാര്‍.

2019-ലെ പഠനമനുസരിച്ച്, ഉക്രെയ്നില്‍ ഭൂരിപക്ഷം ഓര്‍ത്തഡോക്സ് ആണെങ്കിലും, രാജ്യത്ത് ഏകദേശം അഞ്ചു ദശലക്ഷം കത്തോലിക്കരുണ്ട്. റഷ്യയുടെ ആധിപത്യം തുടര്‍ന്നാല്‍ ഉക്രെയ്‌നിലെ സഭ കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടിവരുമെന്നും സോവിയറ്റ് യൂണിയന്റെ കാലത്തെപ്പോലെ വീണ്ടും ഭൂമിക്കടിയില്‍ ഒളിച്ചിരുന്നു പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിതരാകാമെന്നും ബിഷപ്പുമാര്‍ പറഞ്ഞു.

'ഓരോ ദിവസവും നിരവധി കത്തോലിക്ക വിശ്വാസികള്‍ മരിക്കുന്നു. റഷ്യന്‍ അധിനിവേശത്തിന്‍ കീഴില്‍ ഉക്രെയ്ന്‍ സഭ നിരന്തരം നാമാവശേഷമാക്കപ്പെടുന്നു. ഈ അടിച്ചമര്‍ത്തല്‍ വളരെക്കാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അടിസ്ഥാനപരമായി കത്തോലിക്ക സഭ അവിടെ ഇല്ലാതാകും' - ഫിലാഡല്‍ഫിയയിലെ ഉക്രെയ്ന്‍ കത്തോലിക്കാ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയാക്ക് പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള ഉക്രെയ്ന്‍ പുരോഹിതന്‍ എന്നതിനുപുറമെ, ഉക്രെയ്‌നിലെ ലിവിവില്‍ പ്രവര്‍ത്തിക്കുന്ന ഉക്രെയ്‌നിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റുമാണ് ആര്‍ച്ചു ബിഷപ് ഗുഡ്‌സിയാക്ക്. യുദ്ധത്തിലുടനീളം സന്നദ്ധ സഹായത്തിന്റെ കേന്ദ്രമായിരുന്നു ഈ യൂണിവേഴ്‌സിറ്റി.

'റഷ്യയില്‍ ഇതിനകം തന്നെ കത്തോലിക്ക സഭ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട്. റഷ്യയില്‍ അരലക്ഷം ഉക്രെയ്ന്‍ കത്തോലിക്കരുണ്ടെങ്കിലും അവിടെ നിയമപരമായി ഉക്രെയ്ന്‍ കത്തോലിക്കാ ഇടവകകളെ അംഗീകരിച്ചിട്ടില്ല - ഗുഡ്‌സിയാക്ക് ചൂണ്ടിക്കാട്ടി.

'അമേരിക്കയില്‍, ഞങ്ങള്‍ക്ക് 50,000 വിശ്വാസികളുണ്ട്, 200 ഇടവകകളും നാല് രൂപതകളും ഉണ്ട്. അതേസമയം, റഷ്യയില്‍, അതിന്റെ 10 മടങ്ങുണ്ട്, എന്നിട്ടും ഒരു ഉക്രെയ്‌നിയന്‍ കത്തോലിക്കാ ഇടവക പോലും നിയമപരമായി അനുവദനീയമല്ല'

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം (ഐആര്‍എഫ്) പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച്, യുദ്ധം ആരംഭിച്ചതു മുതല്‍ റഷ്യന്‍ അധിനിവേശപ്രദേശങ്ങളിലെ പുരോഹിതന്മാരും മറ്റു മതനേതാക്കളും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. 494 മതപരമായ കെട്ടിടങ്ങളും ദൈവശാസ്ത്ര സ്ഥാപനങ്ങളും വിശുദ്ധ സ്ഥലങ്ങളും റഷ്യന്‍ സൈന്യം പൂര്‍ണ്ണമായും നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ട്.

'റഷ്യന്‍ സര്‍ക്കാര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ മതസംഘടനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യ വിജയിച്ചാല്‍ ഉക്രെയ്‌നിലെ കത്തോലിക്കാ സഭയ്ക്ക് ഇതിലും മോശമായ വിധി പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു' - ബിഷപ്പ് വിറ്റാലി ക്രിവിറ്റ്സ്‌കി മുന്നറിയിപ്പ് നല്‍കി.

1922 മുതല്‍ 1991 വരെ നിലനിന്നിരുന്ന സോവിയറ്റ് യൂണിയണ്‍ കാലത്ത്, മതം കര്‍ശനമായി നിരോധിക്കുകയും മതനേതാക്കളെ ജയില്‍ ക്യാമ്പുകളിലേക്ക് അയച്ച് പീഡിപ്പിക്കുകയും ചെയ്തിരുന്നു. ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ വധിക്കപ്പെട്ടു.

സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിലാണ് നാം ഇപ്പോഴും ജീവിക്കുന്നത് - ബിഷപ്പ് ക്രിവിറ്റ്‌സ്‌കി പറഞ്ഞു. 'റഷ്യന്‍ ഫെഡറേഷന്‍ നമ്മുടെ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചാല്‍ അന്നത്തെ കാലത്തു ജീവിച്ചതു പോലെ കഴിയേണ്ടി വരും.

'റഷ്യന്‍ ഓര്‍ത്തഡോക്‌സ് യുദ്ധബാധിത പ്രദേശങ്ങള്‍ക്കായി മാനുഷിക സഹായം സംഘടിപ്പിച്ചപ്പോള്‍, റഷ്യയിലെ സഭാ തലവനായ പാത്രിയാര്‍ക്കീസ് കിറില്‍ യുദ്ധത്തിനാണ് പിന്തുണ നല്‍കിയത്. ഇതേതുടര്‍ന്ന് ഓര്‍ത്തഡോക്സ് മതനേതാക്കളില്‍ നിന്നു പോലും വിയോജിപ്പിന്റെ സ്വരങ്ങള്‍ ഉയര്‍ന്നുതുടങ്ങയിട്ടുണ്ട്'.

ഉക്രെയ്‌നിയന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആന്‍ഡ് റിലീജിയസ് ഓര്‍ഗനൈസേഷനില്‍ നിന്നുള്ള നിരവധി മതനേതാക്കളുടെ പ്രതിനിധി സംഘത്തോടൊപ്പമാണ് ബിഷപ്പ് ക്രിവിറ്റ്‌സ്‌കി 11 ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയത്. ഉക്രെയ്ന്‍ യുദ്ധത്തില്‍ വിശ്വാസികള്‍ നേരിടുന്ന കടുത്ത ദുരിതം ലോകത്തോടു വിളിച്ചുപറയാന്‍.

അമേരിക്കയിലെ വിശ്വാസികള്‍ യുദ്ധത്തെക്കുറിച്ചും സഭയില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള സത്യം അറിയണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് ബിഷപ്പ് പറഞ്ഞു.

'മനുഷ്യപുത്രന്‍ വരുന്ന നാളും നാഴികയും നിങ്ങള്‍ അറിയുന്നില്ല എന്ന് ക്രിസ്തു പറയുന്നു; ഞങ്ങളുടെ കാര്യത്തില്‍, അത് എല്ലാ ദിവസവും യാഥാര്‍ത്ഥ്യമാണ്. സാധാരണക്കാരുടെ മുറിവുകളും വേദനയുമാണ് ഞങ്ങള്‍ എല്ലാ ദിവസവും ഇടയ ജോലിക്കിടയില്‍ നേരിടുന്നത് - ക്രിവിറ്റ്‌സ്‌കി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.