ഇരട്ടക്കുഞ്ഞുങ്ങളുടെ മാമ്മോദീസയ്ക്ക് ഇരട്ട സഹോദരങ്ങളായ പുരോഹിതനും ഡീക്കനും; അപൂര്‍വ സംഗമം അമേരിക്കയില്‍

ഇരട്ടക്കുഞ്ഞുങ്ങളുടെ മാമ്മോദീസയ്ക്ക് ഇരട്ട സഹോദരങ്ങളായ പുരോഹിതനും ഡീക്കനും; അപൂര്‍വ സംഗമം അമേരിക്കയില്‍

ഹാരിസ്ബര്‍ഗ്: ഇരട്ടക്കുഞ്ഞുങ്ങളായ ജിയാനയുടെയും ആന്‍ഡ്രൂ റെന്‍വിക്കിന്റെയും മാമ്മോദീസാച്ചടങ്ങില്‍ ഇരട്ട സഹോദരങ്ങളായ പുരോഹിതന്റെയും ഡീക്കന്റെയും സാന്നിധ്യം ശ്രദ്ധേയമായി. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ റെയ്നോള്‍ഡ്‌സ്വില്ലിലുള്ള സെന്റ് മേരീസ് കത്തോലിക്കാ ദേവാലയമാണ് ഈ അപൂര്‍വ സംഗമത്തിന് വിശ്വാസികള്‍ സാക്ഷ്യം വഹിച്ചത്.

മൂന്നര മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ഫാ. ബെന്‍ ഡാഗിര്‍ മാമ്മോദീസ നല്‍കിയപ്പോള്‍ ഇരട്ടസഹോദരനായ ഡീക്കന്‍ ലൂക്ക് ഡാഗിര്‍ സഹായിയായി ഒപ്പമുണ്ടായിരുന്നു.

ജിയാനയും ആന്‍ഡ്രൂം ഉള്‍പ്പെടെ നാലു കുഞ്ഞുങ്ങളാണ് ലൂക്കിനും ക്രിസ്റ്റിന്‍ റെന്‍വിക്കിനുമുള്ളത്. ആര്‍തര്‍, ഗ്രേസ് എന്നാണ് മൂത്ത രണ്ടു കുട്ടികളുടെ പേര്. ജൂലൈ 18-നാണ് ജിയാനയും ആന്‍ഡ്രൂം ജനിക്കുന്നത്.



'ഇരട്ടക്കുട്ടികളാണെന്ന് അറിഞ്ഞതു മുതല്‍ ഞങ്ങള്‍ അവര്‍ക്കുവേണ്ടി എപ്പോഴും പ്രാര്‍ഥിച്ചിരുന്നതായി കത്തോലിക്ക ദമ്പതികള്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. 'ഞങ്ങളുടെ കുടുംബത്തെ ദൈവം ഇരട്ടിയാക്കാന്‍ ആഗ്രഹിച്ചു' - ലൂക്ക് റെന്‍വിക് പറഞ്ഞു. ഞങ്ങള്‍ എപ്പോഴും ഇരട്ടക്കുട്ടികള്‍ക്കായി പ്രാര്‍ഥിച്ചിരുന്നുവെന്നും ദൈവം ഞങ്ങളുടെ പ്രാര്‍ഥനകള്‍ ശ്രവിച്ചുവെന്നും ക്രിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ക്രിസ്റ്റിന്റെ അമ്മ ഇരട്ട സഹോദരിയാണ്. അമ്മയുടെ മുത്തച്ഛനും ഇരട്ടകളിലൊരാളായിരുന്നു.

തങ്ങള്‍ക്ക് ഇരട്ടക്കുട്ടികളാണ് ജനിക്കുന്നതെന്നറിഞ്ഞതോടെ പിതാവ് ലൂക്ക് ഫാ. ബെന്‍ ഡാഗിറുമായി ഈ സന്തോഷ വാര്‍ത്ത പങ്കിട്ടു. പ്രസവത്തീയതി അടുത്തതോടെ ലൂക്ക് റെന്‍വിക്ക് ഇരട്ടക്കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനത്തെക്കുറിച്ച് ഫാ. ബെന്നുമായി സംസാരിച്ചു.

'ആ സംഭാഷണത്തിനിടെ എന്റെ സഹോദരനെയും ഈ ചടങ്ങിന്റെ ഭാഗമാക്കാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന് ഫാ. ബെന്‍ ചോദിച്ചു. ജ്ഞാനസ്നാന സമയത്ത് തന്റെ സഹോദരന്‍ ഒരു ഡീക്കന്‍ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'ഈ ആശയം ലോകത്തിലെ ഏറ്റവും മികച്ച കാര്യമാണെന്ന് തങ്ങള്‍ കരുതി, അത് ഏറെ അദ്വിതീയമാണ്' - ലൂക്ക് പറഞ്ഞു.

മാമോദീസ സമയത്ത് പള്ളിയില്‍ മൂന്ന് ഇരട്ട സഹോദരങ്ങള്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായി. ഒന്ന് ഫാ. ബെന്നും സഹോദരനും ജ്ഞാനസ്നാനം സ്വീകരിച്ച കുഞ്ഞുങ്ങളും പിന്നെ ക്രിസ്റ്റിന്റെ അമ്മയും അവരുടെ സഹോദരിയും.

കുട്ടികളുടെ അമ്മയായ ക്രിസ്റ്റിന്‍ ഫാമിലി ഫിസിഷ്യനാണ്. ഇതുകൂടാതെ പ്രോ-ലൈഫ് പ്രവര്‍ത്തകയുമാണ്. 'മൂന്നുമാസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണ്. ഇരുവരും ഒരുമിച്ചു കരുതുന്നതും ഇടപഴകുന്നതും കാണുമ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചറിയാനാകുന്നുണ്ട്. ഇത് ദൈവത്തില്‍നിന്നുള്ള അത്ഭുതമാണ്' - ക്രിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26