ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേള (എസ്‌ഐബിഎഫ് 2023) 42-ാം എഡിഷന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
17 നൂറ്റാണ്ടുകളുടെ അറബി ഭാഷയുടെ പരിണാമം വിവരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനത്തോടെയായിരുന്നു ഉദ്ഘാടനം. 'അറബി ഭാഷയുടെ ചരിത്രപരമായ ജൈവാംശങ്ങള്‍' എന്ന തന്റെ സുപ്രധാന പ്രൊജക്ടിന്റെ പുതിയ പതിപ്പുകളുടെ പ്രഖ്യാപനവും ശൈഖ് സുല്‍ത്താന്‍ നിര്‍വഹിച്ചു. രണ്ടു പതിറ്റാണ്ടിലേറെ കാലമായുള്ള തന്റെ സ്വപ്നമായിരുന്ന ഈ പ്രൊജക്റ്റിനായി വലിയൊരു സംഘം മുഴുസമയം പ്രവര്‍ത്തിക്കുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശൈഖ് ഡോ. സുല്‍ത്താന്‍ സൂചിപ്പിച്ചു.
ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് അറബി ഭാഷ മനസ്സിലാക്കാന്‍ തങ്ങള്‍ വഴിയൊരുക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, ''ഇത് പൂര്‍ത്തിയാക്കാന്‍ മുന്നൂറിലധികം ശാസ്ത്രജ്ഞര്‍ക്ക് അഞ്ച് വര്‍ഷം വേണ്ടിവന്നു''വെന്നും വ്യക്തമാക്കി. 17 നൂറ്റാണ്ടുകളായുള്ള അറബി ഭാഷയുടെ വികാസം വിശദീകരിക്കുന്ന ഇത്തരമൊരു പ്രൊജക്റ്റ് ഇത് ആദ്യത്തേതാണ്. നിരവധി അറബി പദങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതുമാണിത്.
അറബി ഭാഷയുടെ ഉത്ഭവത്തെ കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ആദ്യ പിതാവായ ആദം നബി(അ)യെ സൃഷ്ടിച്ച ശേഷം മനുഷ്യരാശി എങ്ങനെ വികസിച്ചു വന്നുവെന്ന് വിശദീകരിച്ച ശൈഖ് ഡോ. സുല്‍ത്താന്‍, 'അറബ്' എന്ന വാക്കിന്റെ അര്‍ത്ഥം വെള്ളമാണെന്നും വ്യക്തമാക്കി.
ഉദ്ഘാടനത്തിനിടെ, എല്ലാ ഭാഷകളുടെയും ഉത്ഭവം ആദം ആണെന്ന് തെളിയിക്കുന്ന 'ഡിക്ഷ്‌നറി ഓഫ് ദി വേള്‍ഡ്' എന്ന പേരില്‍ ഷാര്‍ജ ഭരണാധികാരി തന്റെ പുതിയ എഴുത്തു പദ്ധതിയും പ്രഖ്യാപിച്ചു. അറബി ഭാഷയുടെ ചരിത്ര നിഘണ്ടുവിന്റെ 67 വാല്യങ്ങള്‍ പൂര്‍ത്തിയായതായും 110 വാല്യങ്ങളോടെ അടുത്ത വര്‍ഷം ഇത് സമ്പൂര്‍ണമാകുമെന്നും ഷാര്‍ജ ഭരണാധികാരി കൂട്ടിച്ചേര്‍ത്തു.
പുസ്തക പ്രസാധകര്‍, വിതരണക്കാര്‍, പരിഭാഷകര്‍, ഗ്രന്ഥങ്ങള്‍ ശേഖരിക്കുന്നവര്‍ എന്നിങ്ങനെ ഏഴു വന്‍കരകളിലെ അപൂര്‍വമായ സംഗമമാണീ മേള. 108 രാജ്യങ്ങളില്‍ നിന്നുള്ള 15 ലക്ഷം ടൈറ്റിലുകളാണ് 12 ദിവസത്തെ ഈ ആഗോള അക്ഷരോല്‍സവത്തില്‍ അണിനിരക്കുന്നത്. 'വി സ്പീക് ബുക്‌സ്' എന്ന ആശയത്തിലുള്ള ഇക്കൊല്ലത്തെ പുസ്തകോല്‍സവത്തില്‍ 2,033 പ്രസാധകരാണ് സാന്നിധ്യമറിയിക്കുന്നത്. ദക്ഷിണ കൊറിയയാണ് വിശിഷ്ടാതിഥി രാഷ്ട്രം.
ദക്ഷിണ കൊറിയയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും സമകാലികമായ പ്രത്യേകതകളും ഇവിടെ കാണാനാകും. ബൗദ്ധികവും സര്‍ഗാത്മകവുമായ കൊറിയന്‍ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് ആ രാജ്യത്തെ ആദരിക്കുക കൂടിയാണ് ഷാര്‍ജ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും 108 പ്രസാധകര്‍ ഈ വര്‍ഷം പങ്കെടുക്കും. മലയാളത്തില്‍ നിന്നും ഡിസി ബുക്‌സ്, മാതൃഭൂമി ബുക്‌സ്, ഒലീവ് ബുക്‌സ്, ഗ്രീന്‍ ബുക്‌സ്, സത്യധാര, കെ.എന്‍.എം, യുവത, ഐ.പി.എച്ച്, കൈരളി ബുക്‌സ്, ഹരിതം ബുക്‌സ്, സൈകതം ബുക്‌സ്, ഐ.പി.ബി തുടങ്ങിയ പുസ്തകശാലകള്‍ ഗ്രന്ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെ വിറ്റഴിക്കുക. മലയാളത്തില്‍ നിന്നും നിരവധി എഴുത്തുകാര്‍ ഈ പുസ്തക മേളയില്‍ പങ്കെടുക്കുന്നു. ഇക്കൊല്ലം എത്തുന്ന ലോക സാഹിത്യ പ്രതിഭകളില്‍ പ്രധാനി നൈജീരിയന്‍ എഴുത്തുകാരനായ നോബല്‍ പ്രൈസ് ജേതാവ് വോള്‍ സോയിങ്ക ആണ്.
1981ല്‍ ഈ പുസ്തക മേള ശൈഖ് ഡോ. സുല്‍ത്താന്‍ തുടങ്ങുമ്പോള്‍ അറബ് സമൂഹത്തില്‍ സാഹിത്യ സ്‌നേഹം വളര്‍ത്തിയെടുക്കുന്നതിനൊപ്പം, യുവതലമുറയില്‍ വായന ഒരു ശീലമായി പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യമായിരുന്നു. 42 വര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയായി ഇന്നിത് വളര്‍ന്നു വികസിച്ചിരിക്കുന്നു. ഷാര്‍ജ ഭരണാധികാരിയുടെ പുത്രി ശൈഖാ ബുദൂര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി ചെയര്‍പേഴ്‌സനും, അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഷാര്‍ജ ബുക് അഥോറിറ്റിയാണ് ഈ പുസ്തക മേള ഒരുക്കുന്നത്. 12 ദിവസത്തെ സാംസ്‌കാരികവും സാഹിത്യപരവുമായ ആഘോഷമാണിത്.
പങ്കാളിത്ത രാജ്യങ്ങള്‍ ഏറ്റവുമധികമുള്ള വര്‍ഷം എന്ന റെക്കോര്‍ഡ് ഇത്തവണത്തെ പുസ്തക മേള കരസ്ഥമാക്കിയിരിക്കുന്നു. ലോകമെങ്ങുമുള്ള 600 ഗ്രന്ഥകാരന്മാര്‍ ഈ വര്‍ഷത്തെ മേളയില്‍ തങ്ങളുടെ പുതിയ പുസ്തകങ്ങള്‍ ഇവിടെ ഒപ്പു വയ്ക്കും. 69 രാജ്യങ്ങളില്‍ നിന്നുള്ള 215 അതിഥികള്‍ 1,700ലധികം ആക്റ്റിവിറ്റികള്‍ നയിക്കും.
സാഹിത്യം, കല, ടെക്‌നോളജി, സംസ്‌കാരം തുടങ്ങി വൈജ്ഞാനിക മേഖലയെ ഏറ്റവുമധികം ഉത്തേജിപ്പിക്കുന്ന അക്ഷരോല്‍സവമാണ് ഇത്തവണയും അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇക്കൊല്ലം 11 പുതിയ രാജ്യങ്ങള്‍ പുസ്തക മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്. 33 രാജ്യങ്ങളില്‍ നിന്നുള്ള 127 അതിഥികളടക്കം 460 സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഇപ്രാവശ്യമുണ്ട്. പുസ്തക പ്രേമികള്‍ക്ക് ദശലക്ഷക്കണക്കിന് പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ അവസരമുണ്ട്. ലോകമെമ്പാടുമുള്ള രചയിതാക്കളെയും പ്രസാധകരെയും ഇത് ബന്ധിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.