ബില്ലുകളില്‍ ഒപ്പിടുന്നില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ബില്ലുകളില്‍ ഒപ്പിടുന്നില്ല;  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് ഇന്നലെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.

നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും തീരുമാനം വൈകിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന് പുറമെ ടി.പി രാമകൃഷ്ണന്‍ എംഎല്‍എയും ഹര്‍ജി നല്‍കിയിട്ടുണ്ട്.

ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി തുടങ്ങിയ എട്ട് ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചു വയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സര്‍ക്കാര്‍ നീക്കം.

നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തില്‍ വിശദീകരിക്കുന്നുണ്ട്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടാല്‍ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കില്‍ പുനപരിശോധനയ്ക്ക് തിരിച്ചയക്കാം.

പുനപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നുണ്ട്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകില്ല.

എന്നാല്‍ ഈ അധികാരം നല്‍കുന്ന അനുച്ഛേദത്തില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.