'സ്റ്റേറ്റ് സ്പോണ്‍സര്‍ ആക്രമണത്തിന് തെളിവുണ്ടോ': ആപ്പിളിന് നോട്ടീസ് അയച്ച് ഐടി മന്ത്രാലയം

'സ്റ്റേറ്റ് സ്പോണ്‍സര്‍ ആക്രമണത്തിന് തെളിവുണ്ടോ': ആപ്പിളിന് നോട്ടീസ് അയച്ച് ഐടി മന്ത്രാലയം

ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സ്റ്റേറ്റ് സ്പോണ്‍സര്‍ ആക്രമണത്തിന്റെ തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ആപ്പിളിന് നോട്ടീസ് അയച്ചു. നോട്ടീസിന് ഉടന്‍ മറുപടി നല്‍കണമെന്നാണ് മന്ത്രാലയം ആപ്പിളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമണം സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്തതാണെന്ന നിഗമനത്തെക്കുറിച്ച് ഐടി മന്ത്രാലയം ആപ്പിള്‍ പ്രതിനിധികളോട് വിശദീകരണം ചോദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ ഐ ഫോണുകള്‍ ഹാക്ക് ചെയ്തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍ നിന്ന് ലഭിച്ചതായി പ്രതിപക്ഷ എംപിമാര്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ശിവസേന ഉദ്ദവ് താക്കറെ പക്ഷം എംപി പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എഎപി എംപി രാഘവ് ഛദ്ദ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്കാണ് ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചത്.ഇതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.

ഫോണ്‍ ചോര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയുമായി ഫോണുകളിലും ഇമെയിലുകളിലും ലഭിച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അവര്‍ ഇതിനോടൊപ്പം പങ്കുവച്ചിരുന്നു. കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരവും സിപിഐ എം എംപി ജോണ്‍ ബ്രിട്ടാസും ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണോട് വിഷയത്തില്‍ പാനല്‍ യോഗം ചേരാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയതായി വൃത്തങ്ങള്‍ പറഞ്ഞു.

ഒരു ട്വീറ്റില്‍ മഹുവ മൊയ്ത്ര ആപ്പിളില്‍ നിന്നുള്ള മുന്നറിയിപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ കൂടി പങ്കുവച്ചിരുന്നു. 'സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആക്രമണകാരികള്‍ നിങ്ങളുടെ ഐഫോണിനെ ലക്ഷ്യം വച്ചേക്കാം'. പ്രിയങ്ക ചതുര്‍വേദിക്കും പ്രതിപക്ഷ സഖ്യത്തിലെ മറ്റ് മൂന്ന് പേര്‍ക്കും അവരുടെ ഫോണുകളിലും ഇമെയിലുകളിലും ഇതേ സന്ദേശങ്ങള്‍ ലഭിച്ചതായും മൊയ്ത്ര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.