ജൈവസുരക്ഷാ നിയമം കടുപ്പിച്ച് ഓസ്ട്രേലിയ; യാത്രക്കാര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ കടത്തിയാല്‍ വിസ റദ്ദാക്കും: ഒപ്പം കനത്ത പിഴയും

ജൈവസുരക്ഷാ നിയമം കടുപ്പിച്ച് ഓസ്ട്രേലിയ; യാത്രക്കാര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ കടത്തിയാല്‍ വിസ റദ്ദാക്കും: ഒപ്പം കനത്ത പിഴയും

375,600 ഡോളര്‍ വരെ പിഴയും ചുമത്തും

കാന്‍ബറ: ഓസ്ട്രേലിയയിലേക്കു വരുന്ന സന്ദര്‍ശകര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചു കൊണ്ടുവന്നാല്‍ വിസ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍ വകുപ്പ്. ഡിസംബറില്‍ ഭേദഗതി വരുത്തിയ ബയോസെക്യൂരിറ്റി (ജൈവസുരക്ഷ) ആക്റ്റ് പ്രകാരമാണ് യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

പുതിയ നിയമപ്രകാരം, സസ്യങ്ങളില്‍നിന്നും മൃഗങ്ങളില്‍നിന്നും നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ രാജ്യത്തേക്കു രഹസ്യമായി കൊണ്ടുവന്നാല്‍ വിസ റദ്ദാക്കുന്നതിനൊപ്പം പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടി വരും. വിനോദ സഞ്ചാരികള്‍, രാജ്യാന്തര വിദ്യാര്‍ത്ഥികള്‍, വര്‍ക്കിംഗ് ഹോളിഡേ മേക്കേഴ്സ്, താല്‍ക്കാലിക തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാ സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണ്.

ഓസ്ട്രേലിയയുടെ അതിലോലമായ ആവാസവ്യവസ്ഥയെയും 70 ബില്യണ്‍ ഡോളറിലേറെ മൂല്യം വരുന്ന കാര്‍ഷിക കയറ്റുമതി വ്യവസായത്തെയും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. ഇതുപ്രകാരം ബയോസെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പുതിയ അധികാരങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ബയോസെക്യൂരിറ്റി നിയമം ഭേദഗതി ചെയ്തു.

വിമാനമാര്‍ഗമോ കടല്‍ മാര്‍ഗമോ ഓസ്ട്രേലിയയിലേക്ക് എത്തുന്ന യാത്രക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനും ബയോസെക്യൂരിറ്റി ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കുന്നതാണ് നിയമ ഭേദഗതി.

ലഗേജില്‍ ഉല്‍പ്പന്നങ്ങള്‍ മനഃപൂര്‍വം മറച്ചുവെക്കുകയോ തെറ്റായി ലേബല്‍ ചെയ്ത കണ്ടെയ്നറില്‍ സാധനങ്ങള്‍ ഇട്ടു കൊണ്ടുവരികയോ ചെയ്താല്‍ പിടിക്കപ്പെടുന്നതിനൊപ്പം കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടിയും വരും.

നിയന്ത്രണമുള്ള ഉല്‍പന്നങ്ങളില്‍ മാംസം, ജീവനുള്ള മൃഗങ്ങള്‍, മൃഗങ്ങളുടെ പ്രത്യുത്പാദന വസ്തുക്കള്‍, സസ്യങ്ങള്‍, സസ്യ ഉല്‍പ്പന്നങ്ങള്‍, മൃഗ പദാര്‍ത്ഥങ്ങള്‍, വിത്തുകള്‍, സൂക്ഷ്മാണുക്കള്‍, ഫംഗസ് എന്നിവ ഉള്‍പ്പെടുന്നു. നിയമ ലംഘനത്തിന് 375,600 ഡോളര്‍ വരെ പിഴ ചുമത്തും.

ബയോസെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് സന്ദര്‍ശകന്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ മറുപടികള്‍ നല്‍കുകയോ ഉത്തരം നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ വിസ റദ്ദാക്കാനും സാധ്യതയുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ ഓസ്ട്രേലിയന്‍ സമൂഹത്തെയും കാര്‍ഷിക സംവിധാനങ്ങളെയും അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാനും രാജ്യത്തിന്റെ ജൈവസുരക്ഷ ഉറപ്പാക്കാനുമാണെന്ന് ഇമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ആക്രമണകാരികളായ കീടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഭൂഖണ്ഡത്തെ രക്ഷിക്കാനും 70 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കാര്‍ഷിക വ്യവസായത്തെ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും കര്‍ശനമായ ബയോസെക്യൂരിറ്റി നിയമങ്ങളാണ് ഓസ്ട്രേലിയയിലുള്ളത്.

'സന്ദര്‍ശകര്‍ ഓസ്‌ട്രേലിയ എന്ന മനോഹരമായ രാജ്യം ആസ്വദിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍, ശക്തമായ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്' - കൃഷി മന്ത്രി മുറെ വാട്ടിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ ഓസ്ട്രേലിയ റിപ്പോര്‍ട്ട് ചെയ്തു.

'വിദേശങ്ങളില്‍ നിന്നുള്ള ചില ഭക്ഷണങ്ങളും സസ്യ വസ്തുക്കളും മൃഗ ഉല്‍പ്പന്നങ്ങളും ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല, കാരണം അത് ഗുരുതരമായ കീടങ്ങളെയും രോഗാണുക്കളെയും വഹിക്കുന്നു, അത് നമ്മുടെ വിലയേറിയ ഭക്ഷ്യ വിതരണത്തെ നശിപ്പിക്കുകയും അതുല്യമായ പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യും.'

'സാധനങ്ങള്‍ ബോധപൂര്‍വം മറച്ചുവെച്ച് ഓസ്ട്രേലിയയിലേക്ക് വരുന്ന വിസ ഉടമകളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. മൈഗ്രേഷന്‍ ചട്ടങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിനിടെ ശേഖരിച്ച ചെടികള്‍ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ച യാത്രക്കാര്‍ക്ക് 5,500 ഡോളര്‍ പിഴ ചുമത്തിയതായി കൃഷി വകുപ്പ് അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26