വരുമോ ആശ്വാസ വാര്‍ത്ത?.. ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത; ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലില്‍, ജോര്‍ദാന്‍ നേതാക്കളേയും കാണും

 വരുമോ ആശ്വാസ വാര്‍ത്ത?.. ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത; ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലില്‍, ജോര്‍ദാന്‍ നേതാക്കളേയും കാണും

ഗാസ സിറ്റി: അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് ഇസ്രയേല്‍ ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലി ബ്രോഡ് കാസ്റ്റിങ് കോര്‍പറേഷനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഇന്ന് ഇസ്രയേലിലെത്തുന്ന അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ട ശേഷം ജോര്‍ദാന്‍ നേതാക്കളുമായും ചര്‍ച്ച നടത്തും.

ആശുപത്രികള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ ഇന്ധനം അടക്കം ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. അതേസമയം ഗാസ നഗരം പൂര്‍ണമായും വളഞ്ഞതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ജെനിന്‍ ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രയേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ന് വെളുപ്പിനും തുടര്‍ന്നു.

ബന്ദികളുടെ മോചനവും ഹമാസിനെ ഉന്‍മൂലനവും ലക്ഷ്യമിട്ടുള്ള സൈനിക നീക്കം കൃത്യമായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യേവ് ഗാലന്റ് പറഞ്ഞു. എന്നാല്‍ ശക്തമായ പ്രതിരോധം തുടരുമെന്നും ഇസ്രയേലിന്റെ കുരുതിക്ക് പകരം ചോദിക്കുമെന്നും ഹമാസ് വ്യക്തമാക്കി. കര യുദ്ധത്തില്‍ ഇതിനകം 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.

അതിനിടെ ഇസ്രായേല്‍ നഗരമായ കിര്‍യത് ഷ്‌മോനയ്ക്കു നേരെ ഇന്നലെ ലബനനില്‍ നിന്നും മിസൈല്‍ ആക്രമണമുണ്ടായി. 12 മിസൈലുകള്‍ പ്രദേശത്ത് പതിച്ചു. രണ്ട് ഇസ്രയേലികള്‍ക്ക് പരിക്കുണ്ട്. ലബനന്‍ ഷെബഫാമിലെ വടക്കന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ഹിസ്ബുള്ളയും ആക്രമണം നടത്തി.

ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്ക ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പല രാജ്യങ്ങള്‍ക്കുമുണ്ട്. ഗാസയ്ക്കപ്പുറത്തേക്ക് യുദ്ധം വ്യാപിക്കാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.