'തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ല'; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

'തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ല'; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

തൃശൂര്‍: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന് തൃശൂര്‍ അതിരൂപതയുടെ മുഖപത്രത്തില്‍ പറയുന്നു. മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകുമെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ'യുടെ നവംബര്‍ ലക്കത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. മണിപ്പൂരിനെ മറച്ചുപിടിച്ചുകൊണ്ടുള്ള വോട്ടു തേടലിനെതിരെ ജനം ജാഗരൂകരാണ്. 'അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത്, അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങള്‍ ഉണ്ട്' എന്ന് ബി.ജെ.പി നേതാവ് സിനിമാ ഡയലോഗ് പോലെ നടത്തിയ പ്രസ്താവന ഇതിന് തെളിവാണെന്ന് സുരേഷ് ഗോപിയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ ലേഖനം വിമര്‍ശിച്ചു.

മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്ന് സഭാ മുഖപത്രം ചോദിക്കുന്നു.


മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തങ്ങല്‍ ഉണ്ടാകുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. കരുവന്നൂര്‍ യാത്രയുടെ സമാപന വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ ആണുങ്ങള്‍ പരാമര്‍ശം ഉണ്ടായത്. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്ന പരിഹാസവും സുരേഷ് ഗോപിക്കു നേരെ ലേഖനം ഉന്നയിക്കുന്നു.

സമാധാനം പുനസ്ഥാപിക്കാന്‍ ഒരക്ഷരം ഉരിയാടിയില്ല. മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ മണിപ്പൂരില്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് മൗനം പാലിച്ചെന്നത് ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാകും. ഭാരതത്തിന്റെ ഇതര ഭാഗങ്ങളില്‍ ഹിന്ദു വര്‍ഗീയ വാദികള്‍ അഴിഞ്ഞാടുമ്പോള്‍ ഈ മൗനം പ്രകടമാകുന്നുണ്ട്. എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ പ്രകടിപ്പിക്കാറുണ്ടെന്നും 'കത്തോലിക്കാ സഭ' ലേഖനം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.