സർവ മരിച്ചവരുടെയും തിരുന്നാൾ ദിനത്തിൽ സെമിത്തേരിയിൽ ബലിയർപ്പിച്ച് മാർപ്പാപ്പ; യുദ്ധം പരാജയമാണെന്ന ഓർമ്മപ്പെടുത്തൽ വീണ്ടും

സർവ മരിച്ചവരുടെയും തിരുന്നാൾ ദിനത്തിൽ സെമിത്തേരിയിൽ ബലിയർപ്പിച്ച് മാർപ്പാപ്പ; യുദ്ധം പരാജയമാണെന്ന ഓർമ്മപ്പെടുത്തൽ വീണ്ടും

വത്തിക്കാൻ സിറ്റി: രണ്ടാം ലോകമഹായുദ്ധവേളയിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന, റോമിലെ കോമൺവെൽത്ത് സെമിത്തേരിയിലെത്തി ദിവ്യബലിയർപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. സകല മരിച്ചവരുടെയും തിരുനാളിനോടനുബന്ധിച്ചാണ് പാപ്പാ സെമിത്തേരി സന്ദർശിക്കുകയും പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തത്. പരിശുദ്ധ ബലിക്കുമുൻപായി സെമിത്തേരിയിലെ ഓരോ കല്ലറയ്ക്കു മുൻപിലും അല്പ സമയം മൗനമായി പ്രാർഥന നടത്തിയ പാപ്പാ മരിച്ചുപോയ എല്ലാവരെയും ഓർത്തുകൊണ്ട് കല്ലറകളിൽ പുഷ്പങ്ങൾ സമർപ്പിച്ചു. തുടർന്ന് പരിശുദ്ധ ബലിയർപ്പിച്ചു. ഏകദേശം മുന്നൂറോളം വിശ്വാസികൾ പാപ്പായ്‌ക്കൊപ്പം പരിശുദ്ധ ബലിയിലും പ്രാർഥനകളിലും സംബന്ധിച്ചു.

സകല മരിച്ചവരുടെയും ഓർമ്മദിനം പ്രദാനംചെയ്യുന്ന രണ്ട് മഹത്തായ ചിന്തകൾ സ്മരണയും പ്രതീക്ഷയുമാണെന്ന് പാപ്പാ ദിവ്യബലി സന്ദേശത്തിലൂടെ പറഞ്ഞു. നമ്മളിൽ നിന്ന് വേർപെട്ടുപോയവരുടെ ഓർമ്മകൾ പുതുക്കാനുള്ള അവസരമാണ് സകല മരിച്ചവരുടെയും ദിനം. നമ്മുടെ ജീവിത പാതയിൽ കർത്താവുമായും സഹോദരങ്ങളുമായും കണ്ടുമുട്ടാനുള്ള പ്രത്യാശയോടെ മുൻപോട്ടു വീക്ഷിക്കാനുള്ള ചിന്ത ഈ ദിനം പ്രദാനം ചെയ്യുന്നു. പ്രത്യാശയുടെ ഈ കൃപയ്ക്കുവേണ്ടി നിരന്തരം കർത്താവിനോടു യാചിക്കാമെന്ന് പാപ്പാ പറഞ്ഞു.

ദൈവം നൽകുന്ന പ്രത്യാശ നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ലെന്നും മറിച്ച് പല പ്രശ്നങ്ങളിൽനിന്നും മോചിപ്പിച്ചുകൊണ്ട് നമ്മെ മുൻപോട്ടുനയിക്കുമെന്നും പാപ്പാ എടുത്തു പറഞ്ഞു. തുടർന്ന് സെമിത്തേരിക്കുള്ളിൽ കബറിടങ്ങൾക്കുമേൽ രേഖപ്പെടുത്തിയിരിക്കുന്ന, കൊല്ലപ്പെട്ട 20 നും 30 നുമിടയിൽ പ്രായംമാത്രമുള്ള യുവ സൈനികരെ പരാമർശിച്ചുകൊണ്ട് അവരുടെ വേർപാടിൽ ദുഖിക്കുന്ന അമ്മമാരെ പാപ്പാ സ്മരിച്ചു. ഇന്ന് ഈ സൈനികർ വീരപുരുഷർ എന്ന് ആലേഖനം ചെയ്യപ്പെടുമ്പോഴും അവരുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന മാതാപിതാക്കളുടെ കണ്ണുനീർ നാം മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു. ഇന്നും നടമാടുന്ന യുദ്ധങ്ങൾ സൃഷ്ടിക്കുന്ന കണ്ണുനീരിന്റെ വേദനയും പാപ്പാ എടുത്തു പറഞ്ഞു.

ഫ്രാൻസിസ് പാപ്പാ ഒരിക്കൽക്കൂടി, യുദ്ധങ്ങൾ പരാജയമാണെന്ന് ഒരിക്കൽക്കൂടി ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുകയും,സൈനികരുടെ ജീവൻ ബലികഴിക്കുകയും ചെയ്യുന്ന തോൽവിയുടെ യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. അവസാനം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേയെന്ന അഭ്യർത്ഥനയും പാപ്പാ നടത്തി.

ഓരോ വർഷവും നവംബർ മാസം രണ്ടാം തീയതിയിലെ പരിശുദ്ധ ബലിക്കായും പ്രാർഥനകൾക്കായും ഫ്രാൻസിസ് പാപ്പാ വിവിധ സെമിത്തേരികളിൽ സന്ദർശനം നടത്തുക പതിവാണ്. ഇത്തവണ ബലിയർപ്പിച്ച റോമിലുള്ള കോമൺവെൽത്ത് സെമിത്തേരി, രണ്ടാം ലോകമഹായുദ്ധസമയത്ത് റോമിൽ കൊല്ലപ്പെട്ട കോമൺവെൽത്തിൽപെട്ട സൈനികരുടെ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന ഒരു യുദ്ധസ്മാരകമാണ്.

426 കബറിടങ്ങളാണ് ഈ സെമിത്തേരിയിലുള്ളത്. ഓരോ കബറിടത്തിനുമുൻപിലും അടക്കം ചെയ്യപ്പെട്ട ആളുടെ പേരും ജനന-മരണതീയതികളും സ്ഥലങ്ങളും അവർ ഉൾപ്പെടുന്ന സൈനികസ്ഥാപനത്തിന്റെ ചിഹ്നം, മുദ്രാവാക്യം, ചിന്തകൾ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.