'85-ാം വയസില്‍ ജ്ഞാനസ്നാനം'; നിരീശ്വര വാദത്തില്‍നിന്ന് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഓസ്‌ട്രേലിയന്‍ മുന്‍ ഗവര്‍ണര്‍ ജനറലിന് നാടിന്റെ അന്ത്യാഞ്ജലി

'85-ാം വയസില്‍ ജ്ഞാനസ്നാനം'; നിരീശ്വര വാദത്തില്‍നിന്ന് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഓസ്‌ട്രേലിയന്‍ മുന്‍ ഗവര്‍ണര്‍ ജനറലിന് നാടിന്റെ അന്ത്യാഞ്ജലി

ബ്രിസ്ബന്‍: '85-ാം വയസില്‍ ജ്ഞാനസ്നാനം ഏറ്റ നിരീശ്വരവാദി' - ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ ഗവര്‍ണര്‍ ജനറലുമായ ബില്‍ ഹെയ്ഡനെ ഒറ്റവരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ജീവിതാന്ത്യത്തിലാണ് വിശ്വാസത്തെ തിരിച്ചറിഞ്ഞതെങ്കിലും ഒട്ടും ശങ്കയില്ലാതെ മാമോദീസ സ്വീകരിക്കാനും എത്ര വൈകിയാലും ദൈവം തന്നെ സ്വാഗതം ചെയ്യുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും കഴിഞ്ഞ ബില്‍ ഹെയ്ഡന്‍ 90-ാം വയസില്‍ ദൈവസന്നിധിയിലേക്കു യാത്രയായി.

ഓസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാവും മുന്‍ മന്ത്രിയും ഗവര്‍ണര്‍ ജനറലുമായ ബില്‍ ഹെയ്ഡന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിയും ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ഹര്‍ലിയും അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. സംസ്ഥാന ബഹുമതികളോടെ ഇപ്സ്വിച്ചിലെ സെന്റ് മേരീസ് പള്ളിയിലാണു ഇന്നലെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.


ഇപ്സ്വിച്ചിലെ സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ നടന്ന ബില്‍ ഹെയ്ഡന്റെ സംസ്‌ക്കാരച്ചടങ്ങില്‍നിന്ന്

ഓസ്ട്രേലിയയിലെ ഏറ്റവും പ്രമുഖനായ നിരീശ്വരവാദിയെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ഹൃദയത്തെ ദൈവത്തിലേക്ക് അടുപ്പിച്ചു.


ബില്‍ ഹെയ്ഡന്‍ 85-ാം വയസില്‍ മാമോദീസാ സ്വീകരിച്ചപ്പോള്‍

ഒരു കത്തോലിക്ക സന്യാസിനിയുടെ പ്രബോധനമാണ് ബില്‍ ഹെയ്ഡന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വര്‍ഷങ്ങളായി താന്‍ ഏറെ ബഹുമാനിച്ചിരുന്ന വിന്‍സെന്‍ഷ്യന്‍ സന്യാസിനി ആയ ആഞ്ജല മരിയ ഡോയലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം ഉണ്ടായ അനുഭവമാണ് തന്റെ വിശ്വാസ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായതെന്ന് കാത്തലിക് ലീഡര്‍ എന്ന മാധ്യമത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ബില്‍ ഹെയ്ഡന്‍ വെളിപ്പെടുത്തിയിരുന്നു. ആഞ്ജല മരിയ ഡോയലിന്റെ കരുണ നിറഞ്ഞ നിസ്വാര്‍ത്ഥമായ ആതുര സേവനവും കത്തോലിക്കാ വിശ്വാസ മാതൃകയും അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു.

'അടുത്ത ദിവസം പ്രഭാതത്തില്‍ ഞാന്‍ ഉണര്‍ന്നത് ഒരു വിശുദ്ധയായ സ്ത്രീയുടെ സാന്നിധ്യത്തിലായിരുന്നു. ഏറെ നീണ്ട ചിന്തകള്‍ക്കൊടുവില്‍ എന്റെ വിശ്വാസത്തിന്റെ ആന്തരികത കത്തോലിക്കാ സഭയാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ആ അനുഭവം ഉറച്ച ബോധ്യത്തോടെ സഭയിലേക്ക് തിരിച്ചുപോകാന്‍ നിമിത്തമായി. - ബില്‍ ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

2018-ല്‍, 85-ാം വയസില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് ഹെയ്ഡന്‍ ബ്രിസ്ബനിലുള്ള ഇപ്സ്വിച്ചിലെ സെന്റ് മേരീസ് പള്ളിയില്‍ സ്‌നാനമേറ്റത്. വീല്‍ചെയറിലായിരുന്നിട്ടും പക്ഷാഘാതവും തോളിലെ പൊട്ടലും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിട്ടും വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഹെയ്ഡന്‍ മുന്നലുണ്ടായിരുന്നു.

1972-ല്‍ ഓസ്ട്രേലിയയുടെ സാമൂഹ്യ സുരക്ഷാ മന്ത്രിയും 1975-ല്‍ ട്രഷററും, 1978-ല്‍ ലേബര്‍ പാര്‍ടി നേതാവും 1983 മുതല്‍ 1988 വരെ വിദേശകാര്യ മന്ത്രിയും അതിനു ശേഷം 7 വര്‍ഷം ഓസ്ട്രേലിയയുടെ ഗവര്‍ണര്‍ ജനറലും ആയിരുന്നു ബില്‍ ഹെയ്ഡന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26