'കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയില്‍'; മൂന്നാംമുറ വേണ്ടെന്ന് ഹൈക്കോടതി

'കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയില്‍'; മൂന്നാംമുറ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: തടവുകാരുടെ പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയിലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തടവുകാര്‍ക്കെതിരായ ശാരീരിക അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ജയിലില്‍ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. തടവുകാര്‍ക്കെതിരെ മൂന്നാംമുറ പോലുള്ള രീതികള്‍ ഉപയോഗിക്കരുതെന്നും തടവുകാരെ തടവിലാക്കുന്നത്, അവരെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കോടതി പറഞ്ഞു.

വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് തടവുകാരനായ കോട്ടയം തെള്ളകം സ്വദേശി ജോസ്, തൃശൂര്‍ പഴയ്യന്നൂര്‍ സ്വദേശി മനീഷ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. വിഷയത്തില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഉത്തവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശം നല്‍കി.

കോടതികള്‍ അനുവദിക്കുന്ന ജാമ്യത്തിന്റെ ഉത്തരവ് അന്നുതന്നെ ബന്ധപ്പെട്ട ജയിലുകളില്‍ അറിയിക്കണമെന്ന് വ്യക്തമാക്കി കേരള ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. ജയിലധികൃതര്‍ ആ ഉത്തരവ് അന്നു തന്നെ തടവുകാര്‍ക്ക് നല്‍കണം. ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദേശ പ്രകാരമാണ് ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

നിലവില്‍ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവുകളും മറ്റും ബന്ധപ്പെട്ട ജില്ലാ ഹൈക്കോടതി മുഖേന ജയിലധികൃതരിലേക്ക് എത്തുമ്പോള്‍ കാലതാമസം ഉണ്ടാകാറുണ്ടെന്നും അധികൃതര്‍ ചൂണ്ടികാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.