നിങ്ങള്‍ തനിച്ചല്ല! ലോവിസ്റ്റണ്‍ കൂട്ടക്കുരുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പ്രസിഡന്റ് ബൈഡൻ

നിങ്ങള്‍ തനിച്ചല്ല! ലോവിസ്റ്റണ്‍ കൂട്ടക്കുരുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പ്രസിഡന്റ് ബൈഡൻ

ലോവിസ്റ്റണ്‍: ഒക്ടോബര്‍ 25ാം തീയതി മെയ്‌നിലെ ലോവിസ്റ്റണില്‍ നടന്ന വെടിവെയ്പ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ. പത്‌നി ജില്‍ ബൈഡന് ഒപ്പം ലോവിസ്റ്റണ്‍ സന്ദര്‍ശിച്ച പ്രസിഡന്റ് വെടിവെയ്പു നടന്ന ഷെമെംഗീസ് ബാറിനു മുന്നിലായി സ്ഥാപിച്ച സ്മാരകത്തില്‍ വെള്ളപൂക്കള്‍ കൊണ്ടു തീര്‍ത്ത റീത്ത് സമര്‍പ്പിച്ചു. ശേഷം ഒരു നിമിഷം മൗനപ്രാര്‍ഥന നടത്തി.

ഷെമെംഗീസ് ബാറിനു മുന്നില്‍ നടന്ന വെടിവയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ എട്ടു പേര്‍ തൊട്ടടുത്തുള്ള ജസ്റ്റ് ഇന്‍ ടൈം റിക്രിയേഷന്‍ ബൗളിംഗ് അറേയില്‍ വെച്ച് കൊല്ലപ്പെട്ടു. ബാക്കി മൂന്നു പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മരിച്ചവരുടെ ആശ്രിതരുമായും കുടുംബാംഗങ്ങളുമായും സംസാരിച്ച പ്രസിഡന്റ് അവരെ ആശ്വിപ്പിക്കുകയും ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

താനും ഭാര്യയും അമേരിക്കയിലെ ജനതയെ പ്രതിനിധീകരിച്ചാണ് ലോവിസ്റ്റണ്‍ സന്ദര്‍ശിക്കുന്നതെന്നു പറഞ്ഞ പ്രസിഡന്റ്, ഇത്തരം ക്രൂരപാതകങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിക്കുന്നതില്‍ ആശങ്കയും രേഖപ്പെടുത്തി.

ലോവിസ്റ്റണു പുറമെ കൂട്ടക്കുരുതികള്‍ അടുത്ത കാലത്ത് നടന്നിട്ടുള്ള ന്യൂയോര്‍ക്കിലെ ബഫെയ്‌ലോ, ടെക്‌സസിലെ യുവാള്‍ഡി, കാലിഫോര്‍ണിയയിലെ മോണ്‍ഡിറി പാര്‍ക്ക് അടക്കം വിവിധ പ്രദേശങ്ങള്‍ ബൈഡനും ഭാര്യയും സന്ദര്‍ശിച്ചിട്ടുണ്ട്. ലോവിസ്റ്റണിലുണ്ടായ കൂട്ടക്കുരുതിക്കു പിന്നാലെ എആര്‍-15 അടക്കമുള്ള തോക്കുകള്‍ നിരോധിക്കാന്‍ കോണ്‍ഗ്രസിനോട് പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നു.

തോക്കു കൊണ്ടുള്ള അക്രമങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് ബൈഡൻ ലോവിസ്റ്റണിലും ആവര്‍ത്തിച്ചു. ഇത് നമുക്കുവേണ്ടിയാണ്, നമ്മുടെ കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടിയാണ്. അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്.

സ്‌കൂളിലോ, റെസ്‌റ്റോറന്റിലോ, പള്ളിയിലോ, ബൗളിംഗ് അലെയിലോ വേടിയേറ്റു മരിക്കില്ലെന്ന പേടി, അതാണ് അവര്‍ക്ക് വേണ്ടത്. മരണഭീതി കൂടാതെ എവിടെയും സഞ്ചരിക്കാനും സ്വസ്ഥമായി ഇരിക്കുവാനുള്ള സ്വാതന്ത്യത്തിനു വേണ്ടി കൂടിയാണ് ഇത്തരം തോക്കുകള്‍ നിരോധിക്കേണ്ടതെന്നും ബൈഡൻ പറഞ്ഞു.

വെടിവയ്പ് ഉണ്ടായതിനു തൊട്ടുപിന്നാലെ മെയ്ന്‍ ഗവര്‍ണര്‍ ജാനറ്റ് മില്‍സ്, സ്റ്റേറ്റ് പ്രതിനിധികള്‍ എന്നിവരുമായി ബൈഡൻ ഫോണില്‍ സംസാരിച്ചിരുന്നു.

സമൂഹം ഈ ആഘാതത്തില്‍ നിന്നു മുക്തി നേടി വരികയാണെന്ന് ഗവര്‍ണര്‍ ജാനറ്റ് മില്‍സ്, മേയര്‍ കാള്‍ ഷെലെയ്ന്‍ എന്നിവര്‍ പറഞ്ഞു. 18 പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ദുരന്തമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നു പൂര്‍ണമായി കരകയറാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു വരികയാണെന്നും അവര്‍ ആവര്‍ത്തിച്ചു.

തോക്ക് നിരോധനം വേണമെന്ന് പല രാഷ്ട്രീയക്കാര്‍ക്കും തോന്നിയിട്ടുണ്ടാകാം. എന്നാല്‍ അത് പുറത്തു പറയാന്‍ ധൈര്യം കാണിക്കുന്ന ഒരു പ്രസിഡന്റ് ഉള്ളത് നല്ലതാണെന്ന് ഷെലെയ്ന്‍ വെളിപ്പെടുത്തി.

റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനിക ഉദ്യോഗസ്ഥനായ നാല്‍പതുകാരനാണ് കൂട്ടക്കുരുതി നടത്തിയത്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ രണ്ടു ദിവസത്തിനു ശേഷം തലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 18 പേരുടെ മരണത്തിനു പുറമെ 13 പേര്‍ക്ക് വെടിവെയ്പില്‍ പരിക്കേറ്റിരുന്നു.

2023ല്‍ മാത്രം 37 വ്യത്യസ്ത കൂട്ടക്കുരുതികളാണ് അമേരിക്കയില്‍ നടന്നിരിക്കുന്നത്. ഈ അക്രമങ്ങളിലായി 195 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് യുഎസ്എ ടുഡേയും അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു. ഷൂട്ടിംഗില്‍ കൊല്ലപ്പെട്ട അക്രമികളുടെ എണ്ണം കൂടാതെയുള്ള കണക്കാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.