മിസോറാമില്‍ എംഎന്‍എഫ് അധികാരം നിലനിര്‍ത്തുമെന്നും സര്‍വേ.
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഈ മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഛത്തിസ്ഗഡ് നിലനിര്‍ത്തുകയും മധ്യപ്രദേശ് തിരിച്ചു പിടിക്കുകയും ചെയ്യുമ്പോള്‍ രാജസ്ഥാനില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. തെലങ്കാനയില്‍ മൂന്നാം തവണയും ബിആര്‍എസിന് തന്നെയാണ് സാധ്യതയെന്നും സര്‍വേ വ്യക്തമാക്കുന്നു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യമാണ് എബിപി ന്യൂസ്-സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. 230 സീറ്റുകളില്‍ 118 മുതല്‍ 130 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് സ്വന്തമാക്കും. അതേസമയം, ബിജെപിക്ക് 99-111 സീറ്റുകളാകും ലഭിക്കുക. മറ്റുള്ളവര്‍ക്ക് പരമാവധി രണ്ട് സീറ്റുകള്‍ ലഭിക്കും. 45 ശതമാനം ശതമാനം വോട്ട് വിഹിതം സ്വന്തമാക്കിയാകും കോണ്‍ഗ്രസ് മധ്യപ്രദേശില്‍ തിരിച്ചു വരികയെന്നാണ് പ്രവചനം.
രാജസ്ഥാനില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. 200 സീറ്റില്‍ 114 മുതല്‍ 124 വരെ സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയേക്കും. കോണ്‍ഗ്രസ് 66-77 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ പറയുന്നു. മറ്റുള്ളവര്‍ അഞ്ച് മുതല്‍ 13 സീറ്റാകും നേടുക. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 41 ശതമാനം പേര്‍ നിലവിലുള്ള മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും 21 ശതമാനം പേര്‍ വസുന്ധരെ രാജയേയും 11 ശതമാനം സച്ചിന്‍ പൈലറ്റിനേയും പിന്തുണച്ചു.
ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 90 സീറ്റില്‍ കോണ്‍ഗ്രസ് 45 മുതല്‍ 51 സീറ്റുകള്‍ വരെ നേടാം. ബിജെപിക്ക് 36 മുതല്‍ 42 വരെ സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് പരമാവധി അഞ്ചു സീറ്റുകളാകും ലഭിക്കുക എന്നും സര്‍വേ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ തന്നെ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. 21 ശതമാനം പേര്‍ രമണ്‍ സിങിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തി.
119 സീറ്റുകളുള്ള തെലങ്കാന നിയമസഭയില്‍ മൂന്നാം തവണയും ബിആര്‍എസിന് സാധ്യതയെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. സര്‍വേ പ്രകാരം ബിആര്‍എസ് 49 മുതല്‍ 61 സീറ്റുകള്‍ വരെ നേടാം. അതേസമയം കടുത്ത മത്സരം കാഴ്ചവച്ച് കോണ്‍ഗ്രസ് 43 മുതല്‍ 55 സീറ്റുകള്‍ വരെ കരസ്ഥമാക്കും.
ബിജെപി 5-11 സീറ്റ്, മറ്റുള്ളവര്‍ 4-10 വരെ സീറ്റ് എന്നിങ്ങനെയാണ് സര്‍വേ ഫലം. ബിആര്‍എസിന് 41 ശതമാനം, കോണ്‍ഗ്രസിന് 39 ശതമാനം, ബിജെപിക്ക് 14 ശതമാനം എന്നിങ്ങനെയാകും വോട്ട് വിഹിതമെന്നും സര്‍വേ പറയുന്നു. കെ. ചന്ദ്രശേഖര്‍ റാവുവിനു തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ 37 ശതമാനമാളുകള്‍ അദേഹത്തെ പിന്തുണയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് രേവന്ത് റെഡ്ഡിക്ക് 31 ശതമാനത്തിന്റെ പിന്തുണയുണ്ട്.
40 അംഗ മിസോറാമില്‍ തുടര്‍ച്ചയായി എംഎന്‍എഫിന് തന്നെയാണ് വിജയമെന്നാണ് സര്‍വേ പറയുന്നത്. 17 മുതല്‍ 21 സീറ്റുകളാണ് എംഎന്‍എഫിന് ലഭിക്കുക. കോണ്‍ഗ്രസിന് ആറ് മുതല്‍ പത്ത് സീറ്റ് വരെ ലഭിക്കാമെന്നും ഇസഡ്പിഎമ്മിന് പത്തു മുതല്‍ 14 സീറ്റുകള്‍ വരെ ലഭിച്ച് പ്രതിപക്ഷമാകുമെന്നും സര്‍വേ വിലയിരുത്തുന്നു.
മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റ് വരെ മാത്രം ലഭിക്കാം. എംഎന്‍എഫ് - 35 ശതമാനം, കോണ്‍ഗ്രസ് - 30 ശതമാനം, ഇസഡ്പിഎം - 26 ശതമാനം എന്നിങ്ങനെയാകും വോട്ട് വിഹിതമെന്നും സര്‍വേ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.