ഹമാസിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതില്‍ ഇസ്രയേലിനൊപ്പമാണെങ്കിലും ഗാസയിലെ സാധരണക്കാര്‍ക്കുള്ള മാനുഷിക പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
റാമല്ല: വെസ്റ്റ് ബാങ്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. അതീവ സുരക്ഷാ അകമ്പടിയോടെ എത്തിയ ബ്ലിങ്കന്‍ പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.
വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അവിടേക്ക് മാനുഷിക സഹായങ്ങള്‍ അനുവദിക്കണമെന്നും കൂടിക്കാഴ്ചയില്‍ മഹ്മൂദ് അബ്ബാസ് ബ്ലിങ്കനോട് ആവശ്യപ്പെട്ടതായി പാലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.
'ഗാസയിലെ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. അന്താരാഷ്ട്ര നിയമങ്ങളെല്ലാം അവഗണിച്ചാണ് ഇസ്രയേല്‍ ഇത് ചെയ്യുന്നത്.
നാലായിരം കുട്ടികളടക്കം പതിനായിരത്തോളം പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും ആശുപത്രികളുമെല്ലാം തകര്‍ക്കപ്പെട്ടു. ഈ സമയത്ത് ഞങ്ങള്‍ക്കെങ്ങനെ നിശബ്ദരായിരിക്കാന്‍ കഴിയും'- അബ്ബാസ് ബ്ലിങ്കനോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലേക്ക് സഹായങ്ങളെത്തിക്കാനും അവശ്യ സേവനങ്ങള്‍ പുനസ്ഥാപിക്കാനും അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്ന് കൂടിക്കാഴ്ചയില്‍ ആന്റണി ബ്ലിങ്കന്‍ മഹ്മൂദ് അബ്ബാസിനോട് പറഞ്ഞതായി അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
ജോര്‍ദാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ബ്ലിങ്കന്‍ റാമല്ലയിലെത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് വെസ്റ്റ് ബാങ്ക് സന്ദര്‍ശനം നേരത്തേ പ്രഖ്യാപിക്കാതിരുന്നത്.
അതേസമയം ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യം തള്ളിയ ആന്റണി ബ്ലിങ്കന്‍ ഈ നീക്കം ഹമാസിനെ കൂടുതല്‍ ശക്തരാക്കുമെന്ന് പ്രതികരിച്ചു.
ബ്ലിങ്കനുമായി ജോര്‍ദാന്‍, സൗദി, യുഎഇ, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ജോര്‍ദാന്‍, ഈജിപ്ത് വിദേശകാര്യ മന്ത്രിമാരാണ് അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത്. വെടിനിര്‍ത്തല്‍ ഹമാസിന് വീണ്ടും സംഘടിക്കാന്‍ സഹായകമാകുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
അതേസമയം ഗാസയിലെ സാധരണക്കാര്‍ക്കുള്ള മാനുഷിക പിന്തുണ നല്‍കുന്നതിന് അമേരിക്ക സജ്ജമാണെന്നും അദേഹം പറഞ്ഞു. ഹമാസിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രയേലിന്റെ ആവശ്യത്തില്‍ അമേരിക്കയുടെ പിന്തുണ യോഗത്തില്‍ ബ്ലിങ്കന്‍ ആവര്‍ത്തിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.