ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കരുത്; ഗവര്‍ണര്‍മാര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കരുത്; ഗവര്‍ണര്‍മാര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജി വരുന്നത് വരെ ഗവര്‍ണര്‍മാര്‍ എന്തിന് കാത്തിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്. ഗവര്‍ണറും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഗവര്‍ണര്‍മാര്‍ ബില്ലില്‍ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടി പഞ്ചാബ്, തമിഴ്‌നാട്, കേരളം അടക്കമുള്ള സര്‍ക്കാരുകളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ വിലയിരുത്തല്‍.

ഭരണഘടനാപരമായിട്ടാണ് കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടേണ്ടതെന്നും ഗവര്‍ണര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

പഞ്ചാബ് സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണര്‍ ബില്ലുകളില്‍ ചില തീരുമാനങ്ങള്‍ എടുത്തെന്നും എന്നാല്‍ ആ തീരുമാനം ഇപ്പോള്‍ വിശദീകരിക്കാനാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

കേരള സര്‍ക്കാരും സമാനമായ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള ഒരു വിമര്‍ശനം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.