വീണ്ടും സില്‍വര്‍ ലൈന്‍: ചര്‍ച്ച നടത്താന്‍ ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം

വീണ്ടും സില്‍വര്‍ ലൈന്‍: ചര്‍ച്ച നടത്താന്‍ ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം

തിരുവനന്തപുരം: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം.

അടിയന്തര പ്രാധാന്യത്തോടെ വിഷയത്തെ സമീപിക്കണമെന്നും ഇക്കാര്യത്തില്‍ ദക്ഷിണ റെയില്‍വേയുടെ അഭിപ്രായങ്ങള്‍ വേഗത്തില്‍ അറിയിക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുകയാണ്.

കെ റെയില്‍ സംബന്ധിച്ച വിഷയങ്ങള്‍ കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 18 ന് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ടും നല്‍കി.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ ദക്ഷിണ റെയില്‍വേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ച നടത്താന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചത്. റെയില്‍വേ ബോര്‍ിഡിന്റെ നിര്‍ദേശം പദ്ധതിക്ക് അനുകൂലമാണെന്ന് സില്‍വര്‍ ലൈനിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

കെ റെയിലിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് 2020 ജൂണ്‍ 17 നാണ് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഭൂമി ഏറ്റെടുക്കലിന് പുറമേ അലൈന്‍മെന്റിലും പ്രശ്നങ്ങളുള്ളതായി ബോര്‍ഡ് കണ്ടെത്തിയിരുന്നു.

പദ്ധതിയുടെ ഡിപിആറില്‍ ദക്ഷിണ റെയില്‍വേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ബോര്‍ഡ് ഇടപെടല്‍ നടത്തിയിരിക്കുന്നതെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.