റോം: അതീവ ഗുരുതരാവസ്ഥയിൽ ജീവൻ രക്ഷോപാധികളുടെ സഹായത്തോടെ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്ന ഇൻഡി ഗ്രിഗറി എന്ന എട്ട് മാസം പ്രായമുള്ള കുരുന്നിന് വത്തിക്കാനിലെ ബാംബിനോ ഗെസു ആശുപത്രിയിൽ ചികിത്സയൊരുക്കും. ഒത്തിരിയേറെ പോരാട്ടങ്ങൾക്കൊടുവിലാണ് കുഞ്ഞിന് പുതിയ സ്ഥലത്ത് ചികിത്സയൊരുങ്ങുന്നത്. ജീവൻ രക്ഷിക്കാനുള്ള ചികിത്സ അവസാനിപ്പിക്കാൻ ഡോക്ടർമാർ തയ്യാറായ ബ്രിട്ടനിൽ തുടരുന്നതിനു പകരം റോമിലെ ബാംബിനോ ഗെസു ആശുപത്രിയിൽ ചികിത്സിക്കണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിച്ചത്.
കുഞ്ഞിന്റെ മാതാപിതാക്കൾ മകളെ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കഴിഞ്ഞ ദിവസം ലണ്ടനിലെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഇനിയെന്തു ചെയ്യും എന്ന ആലോചനയിലാണ് ഇറ്റലി പ്രത്യേക കാബിനറ്റ് കൂടി കുഞ്ഞിന് പൗരത്വം അനുവദിച്ചത്. തുടർന്ന് റോമിലെ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റാനുള്ള ശ്രമത്തിലാണ് മാതാപിതാക്കൾ. ഹൈക്കോടതി വിധിക്കു ശേഷം തങ്ങളുടെ മകൾക്കു മുന്നിലേക്ക് എത്തിയ പുതിയ വെളിച്ചത്തിലൂടെ ജീവൻ രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ് മാതാപിതാക്കളായ ക്ലെയർ സ്റ്റാൻഫോർത്തും ഡീൻ ഗ്രിഗറിയും.
2018ൽ ആൽഫി ഇവാൻസും 2017 ൽ ചാർലി ഗാർഡും ഉൾപ്പെടെയുള്ള ഗുരുതരാവസ്ഥയിലുള്ള മറ്റ് കുട്ടികൾക്ക് ബാംബിനോ ഗെസു ആശുപത്രി മുമ്പ് വൈദ്യചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജനിച്ച ഇൻഡി ഗ്രിഗറിക്ക് മൈറ്റോകോൺഡ്രിയൽ ഡിസീസ് എന്ന ജനിതക രോഗാവസ്ഥയാണ് ഉള്ളത്. ശരീരത്തിലെ ഊർജ്ജം മുഴുവൻ ചോർത്തിക്കളയുന്ന ഒരു രോഗാവസ്ഥയാണിത്. ജീവൻ രക്ഷാ ഉപാധികൾ എടുത്തുമാറ്റുവാൻ ഇൻഡിയെ ചികിത്സിക്കുന്ന ആശുപത്രി തീരുമാനിച്ചതോടെയായിരുന്നു മാതാപിതാക്കളുടെ നിയമ പോരാട്ടം ആരംഭിച്ചത്.
മകൾക്ക് ഏറെ ഭേദമായിട്ടുണ്ടെന്നും, അൽപ കാലം കൂടി ഇങ്ങനെ പോയാൽ മകൾ രക്ഷപ്പെടും എന്നുമായിരുന്നു മാതാപിതാക്കൾ കോടതിയിൽ വാദിച്ചത്. എന്നാൽ ആ വാദം കണക്കിലെടുക്കാതെ ജീവനരക്ഷ ഉപാദികൾ എടുത്തുമാറ്റാൻ തന്നെയായിരുന്നു കോടതിയുടെ നിർദേശം. അതോടെ മാതാപിതാക്കളുടെ അപേക്ഷ എല്ലായിടങ്ങളിലും നിരാകരിക്കപ്പെടുകയായിരുന്നു.
റോമിലെ ആശുപത്രി കുഞ്ഞിന് ചികിത്സ നൽകാമെന്ന് സമ്മതിച്ചത് കോടതിയിൽ അറിയിച്ചപ്പോൾ കുഞ്ഞിനെ ഇറ്റലിയിലേക്ക് മാറ്റുന്നത് എട്ട് മാസം പ്രായമുള്ള ഇൻഡിയുടെ നല്ലതിന് വേണ്ടി ആയിരിക്കില്ല എന്നാണ് ജസ്റ്റിസ് പീൽ തന്റെ എഴുതി തയ്യാറാക്കിയ വിധിയിൽ പറഞ്ഞത്. തുടർന്ന് മാതാപിതാക്കളുടെ അപേക്ഷ നിരസിക്കുകയായിരുന്നു. നിലവിൽ ഇൻഡിയെ ചികിത്സിക്കുന്ന നോട്ടിങ്ഹാമിലെ ക്യുൻസ് മെഡിക്കൽ സെന്റർ ഈ അപേക്ഷ തള്ളിക്കളയണം എന്ന് വാദിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.