ഇസ്രയേല്‍-ഹമാസ് യുദ്ധത്തെച്ചൊല്ലി ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം അതിരൂക്ഷം

ഇസ്രയേല്‍-ഹമാസ് യുദ്ധത്തെച്ചൊല്ലി ബ്രിട്ടനിലെ ലേബര്‍  പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം അതിരൂക്ഷം

ലണ്ടന്‍: ഇസ്രയേല്‍-ഹമാസ് പോരാട്ടത്തെച്ചൊല്ലി ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷം. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ മുസ്ലിം എം.പിയും ഷാഡോ മിനിസ്റ്ററുമായ ഇംറാന്‍ ഹുസൈന്‍ രാജിവെച്ചു. തൊഴില്‍ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്താനുള്ള യു.കെയിലെ 'ഷാഡോ മിനിസ്റ്റര്‍' (പ്രതിപക്ഷ അംഗം) ആണ് ഇംറാന്‍ ഹുസൈന്‍.

ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി റിഷി സുനക്കിനെ പിന്തുണയ്ക്കുന്ന അതേ നിലപാടാണ് ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ നിലപാടിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം രൂക്ഷമായിരിക്കുകയാണ്. നാല് ഷാഡോ മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ വരും ദിവസങ്ങളില്‍ രാജിവയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് സൂചന.

ലേബര്‍ നേതാവെന്ന നിലയില്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് കെയര്‍ സ്റ്റാര്‍മര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഈ ആഴ്ച്ച അവസാനം പലസ്തീന്‍ അനുകൂല റാലി ലണ്ടനില്‍ നടക്കാനിരിക്കെ, ഇസ്രയേലിന്റെ സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും വലിയ സമ്മര്‍ദ്ദമാണ് സ്റ്റാര്‍മര്‍ നേരിടുന്നതെന്ന് 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 250 മുസ്ലിം ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ സ്റ്റാര്‍മറിന് കത്തെഴുതിയിരുന്നു. എന്നാല്‍ സമ്മര്‍ദത്തിനു വഴങ്ങാതെ സ്വന്തം നിലപാടില്‍ സ്റ്റാര്‍മര്‍ ഉറച്ചുനിന്നതിന്റെ പേരില്‍ കഴിഞ്ഞദിവസം ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്റ് ബെഞ്ച് വിട്ട് പ്രതിഷേധം അറിയിച്ചു. ഇതിനു പിന്നാലെയാണ് ഇമ്രാന്‍ ഹുസൈന്‍ ഷാഡോ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്.

നിലവില്‍ 50 ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍മാര്‍, നിരവധി മുസ്ലിം അംഗങ്ങള്‍ പാര്‍ട്ടി നേതാവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ചു കഴിഞ്ഞു. ഇതുകൂടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കെയര്‍ സ്റ്റാര്‍മറിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തിന്റെ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള സ്റ്റാര്‍മര്‍ മറ്റു പാശ്ചാത്യ നേതാക്കളോടൊപ്പം ചേര്‍ന്ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദം എന്ന് വിശേഷിപ്പിച്ചിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ എല്‍.ബി.സിക്ക് സ്റ്റാര്‍മര്‍ നല്‍കിയ അഭിമുഖത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും തടഞ്ഞു വെച്ച ഇസ്രയേല്‍ ഉപരോധത്തെ അംഗീകരിക്കുന്നതായി പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ സ്റ്റാര്‍മര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു.

'ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ വെള്ളമോ ഭക്ഷണമോ ഇന്ധനമോ മരുന്നുകളോ നിര്‍ത്തലാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല' - അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.