കലാവിഷ്കാരത്തിലൂടെ വിശ്വാസം പ്രഘോഷിച്ച് ബ്രിസ്ബെനിലെ സീറോ മലബാർ സമൂഹം

കലാവിഷ്കാരത്തിലൂടെ വിശ്വാസം പ്രഘോഷിച്ച് ബ്രിസ്ബെനിലെ സീറോ മലബാർ സമൂഹം

ബ്രിസ്ബൻ: ബ്രിസ്ബെൻ സൗത്ത് സെന്റ് തോമസ് സീറോ മലബാർ ഇടവക മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിൾ കലോൽസവത്തിന് സമാപനം. ബൈബിളും ബൈബിളിലെ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള കലാപരമായ ആവിഷ്കാരങ്ങൾ, പ്രകടനങ്ങൾ, സാഹിത്യം എന്നിവയിലൂടെ ക്രിസ്ത്യൻ വിശ്വാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും വിശ്വാസവും വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കലോൽസവം സംഘടിപ്പിച്ചത്. ഇടവക വികാരി ഫാദർ എബ്രഹാം നാടുകുന്നേൽ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഫാ. എബ്രഹാം നാടുകുന്നേൽ, പ്രിൻസിപ്പൽ രഞ്ജിത്ത് ജോൺ, ബൈബിൾ കലോൽസവം സംഘാടക സമിതി, അധ്യാപകർ‌, പിടിഎ, രക്ഷിതാക്കൾ എന്നിവരുടെ ആവേശകരമായ പങ്കാളിത്തം ബൈബിൾ കലോത്സവം മനോഹരമാക്കി. ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഡാൻസ്, ബൈബിൾ സ്കിറ്റുകൾ, ഗ്രൂപ്പ് ഗാനങ്ങൾ, നിശ്ചല ദൃശ്യ മത്സരങ്ങൾ എന്നിവയുൾപ്പെടെയുള്ള പുതിയ ഇനങ്ങൾ ഈ വർഷത്തെ മത്സരങ്ങൾക്ക് മാറ്റു കൂട്ടി. ആവേശകരമായ മത്സര ഇനങ്ങൾ കലോത്സവത്തിന് നിറവും സർഗ്ഗാത്മകതയും കൂട്ടിച്ചേർത്തോടൊപ്പം കാണികളെയും ആകർഷിച്ചു.

ബൈബിൾ കലോൽസവം വെറുമൊരു മത്സരം മാത്രമല്ല, വിവിധ കലാരൂപങ്ങളിലൂടെയുള്ള വിശ്വാസത്തിന്റെ ആഘോഷമാണ്. കല, സാഹിത്യം, മറ്റു പ്രകടനങ്ങൾ എന്നിവയിലൂടെ സുവിശേഷവൽക്കരണം നടത്താനുള്ള ഇടവകയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. ഓഗസ്റ്റിൽ രചനാ മത്സരങ്ങളോടെയാണ് കലോത്സവം ആരംഭിച്ചത്. കലോത്സവത്തിന്റെ ഭാ​ഗമായി സെപ്റ്റംബറിൽ വിവിധ മത്സരങ്ങൾ നടത്തി.

നവംബർ നാലിന് വർണ്ണാഭമായ പ്രകടനങ്ങളുടെ ഗംഭീരമായ പ്രദർശനത്തോടെയാണ് കലാത്സവം സമാപിച്ചത്. 52 അധ്യാപകരുടെ നേതൃത്വത്തിൽ 472 വിദ്യാർത്ഥികൾ ബ്രിസ്ബെൻ സൗത്തിലെ സെന്റ് തോമസ് സീറോ മലബാർ ദൈവാലയത്തിൽ വിശ്വാസപരിശീലനം നടത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.