ജെറുസലേം: ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിക്കാനും ഗാസയില്‍ സമാധാനം പുലരാനും പ്രാര്‍ത്ഥനയുമായി ജറുസലേമിലെ കത്തോലിക്കര്‍ ഒത്തുകൂടി. ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥന. സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ജെറുസലേമിലെ എല്ലാ ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കുചേരാന്‍ എത്തിയിരുന്നു.
ജറുസലേമിലെ ടെറ സാങ്റ്റ സ്‌കൂള്‍ അങ്കണത്തില്‍ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ആരംഭിച്ച പ്രാര്‍ത്ഥന മെഴുകുതിരികള്‍ തെളിച്ചുകൊണ്ടാണ് അവസാനിപ്പിച്ചത്. അറബ് കാത്തലിക് സ്‌കൗട്ട് ഗ്രൂപ്പും സബീല്‍ എക്യുമെനിക്കല്‍ സെന്ററും ജറുസലേമിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയും ചേര്‍ന്നാണ് സമാധാനത്തിനായുള്ള ജാഗരണ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.
ടെറ സാങ്റ്റ സ്‌കൂള്‍ ഡയറക്ടറും വിശുദ്ധനാടിന്റെ സംരക്ഷണ ചുമതലയുമുള്ള ഫാ. ഇബ്രാഹിം ഫാല്‍താസ് ആയിരുന്നു പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നത്.
വിശ്വാസികള്‍ ആരാധനാക്രമത്തിലെ പ്രാര്‍ഥനകള്‍ ചൊല്ലുകയും 'ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്' എന്ന സുവിശേഷ ഭാഗം വായിക്കുകയും ചെയ്തു. കുട്ടികളുടെ ഗായകസംഘം സമാധാനത്തിനായുള്ള പ്രാര്‍ത്ഥനകള്‍ ആലപിച്ചു.
'യുദ്ധത്തില്‍ മരിച്ചവരുടെ കണക്കുകള്‍ വര്‍ധിക്കുന്തോറും നമ്മുടെയെല്ലാം ഹൃദയത്തിന്റെ ഭാരവും വര്‍ധിക്കുന്നു' - കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല തന്റെ ചിന്തകള്‍ പങ്കുവച്ചു. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ക്രിസ്തീയ മനോഭാവം എന്തായിരിക്കണമെന്ന് പിതാവ് ഓര്‍മിപ്പിച്ചു.
'ഒരു സമൂഹമായി നാം ജീവിക്കുമ്പോള്‍ ചെറിയ വഴക്കുകള്‍ക്ക് സ്ഥാനം നല്‍കരുത്. എല്ലാവരും ഐക്യപ്പെടണം, നമ്മെ ഒന്നിപ്പിക്കുന്നത് യേശുവാണ്. ക്രിസ്ത്യാനികള്‍ അക്രമത്തെ തള്ളിക്കളയണം. ലോകം അവസാനിക്കാന്‍ പോകുന്നില്ല! ജീവിതം തുടരുകയാണ്... പോസിറ്റീവായി, സൃഷ്ടിപരമായ രീതിയില്‍ ആ ജീവിതത്തിന്റെ ഭാഗമാകാന്‍ നമുക്കു കഴിയണം. സമാധാനം എന്ന വാക്ക് വളരെ അകലെയാണെന്ന് തോന്നുമെങ്കിലും യേശുവിന്റെ സാന്നിദ്ധ്യം നമുക്ക് ഒരു ആശ്വാസമാണ്' - അദ്ദേഹം പറഞ്ഞു.
ഗാസയില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുമായി കര്‍ദിനാള്‍ എല്ലാ ദിവസവും ബന്ധപ്പെടുന്നുണ്ട്. ഗാസയിലെ തിരുക്കുടുംബ ദേവാലയത്തില്‍ 700ഓളം ആളുകളാണ് അഭയാര്‍ഥികളായി കഴിയുന്നത്. എല്ലാ ദിവസവും ഇവര്‍ രാവിലെയും ഉച്ചയ്ക്കും പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും സമാധാനത്തിനായി നിരന്തരമായി ജപമാല ചൊല്ലി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
'ഗാസയിലെ സാധാരണക്കാര്‍ ഭയാനകമായ ഒരു സാഹചര്യം നേരിടുകയാണ്. അവര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു; സ്വന്തമായി ഒന്നും തന്നെയില്ല. ഇന്നത്തെ ദിവസം വെള്ളവും ഭക്ഷണവും ലഭിക്കുമോ, ബോംബുകള്‍ തങ്ങളുടെ മേല്‍ വന്നുവീഴുമോ എന്നൊന്നും അവര്‍ക്കറിയില്ല. എങ്കിലും അവര്‍ ദൈവപരിപാലനയില്‍ വിശ്വസിക്കുന്നു, ദൈവം തങ്ങളെ സഹായിക്കും എന്ന് വിശ്വസിക്കുന്നു. പിറന്നു വീണ മണ്ണില്‍തന്നെ കഴിയാന്‍ അവര്‍ ആഗ്രഹിക്കുന്നു' - കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
'ദേവാലയ പരിസരങ്ങളിലും അപകടസാധ്യത വര്‍ധിച്ചുവരികയാണ്' - ഗാസ ഇടവക പുരോഹിതന്‍ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി 'കാത്തലിക് ന്യൂസ് ഏജന്‍സി'യോട് പറഞ്ഞു. 'അയല്‍പക്കങ്ങളില്‍ മിസൈല്‍ ആക്രമണം കൂടുതല്‍ തീവ്രമാവുകയാണ്, ഒരു വലിയ ഭൂകമ്പം പോലെ എല്ലാം കുലുങ്ങുന്നു'
മെഴുകുതിരികള്‍ തെളിച്ച് നടത്തിയ ചെറിയ പ്രദക്ഷിണത്തോടെയാണ് പ്രാര്‍ത്ഥനാ സംഗമം സമാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.