ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: റിയാദില്‍ ഇന്നും നാളെയുമായി ഇസ്ലാമിക രാജ്യങ്ങളുടെ രണ്ട് നിര്‍ണായക ഉച്ചകോടികള്‍

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: റിയാദില്‍ ഇന്നും നാളെയുമായി ഇസ്ലാമിക രാജ്യങ്ങളുടെ രണ്ട് നിര്‍ണായക ഉച്ചകോടികള്‍

റിയാദ്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ റിയാദില്‍ ഇന്നും നാളെയുമായി രണ്ട് സുപ്രധാന ഉച്ചകോടികള്‍ നടക്കും. ഒ.ഐ.സി രാജ്യങ്ങളുടെയും അറബ് രാജ്യങ്ങളുടെയും ഉച്ചകോടികളാണ് അടിയന്തര പ്രാധാന്യത്തോടെ വിളിച്ചിട്ടുള്ളത്.

ഗാസയില്‍ നിലവിലുള്ള സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടിയന്തര ഇസ്ലാമിക, അറബ് ഉച്ചകോടികള്‍ വിളിച്ചിരിക്കുന്നത്. ഇതിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായി. അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഭരണാധികാരികളും പ്രതിനിധികളും ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ റിയാദിലെത്തി തുടങ്ങി.

അതിനിടെ സൗദി-ആഫ്രിക്കന്‍ ഉച്ചകോടി ഇന്നലെ നടന്നിരുന്നു. ഇതും കൂടിയാവുമ്പോള്‍ 78 മണിക്കൂറിനിടയില്‍ മൂന്ന് അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കാണ് റിയാദ് ആതിഥേയത്വം വഹിക്കുന്നത്. മിഡില്‍ ഈസ്റ്റിലെയും ഇസ്ലാമിക, അറബ് രാജ്യങ്ങളിലെയും നിര്‍ണായക  രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള വേദിയായി ഈ സമ്മേളനങ്ങള്‍ മാറും.

വെള്ളിയാഴ്ച രാത്രിയോടെ സമാപിച്ച സൗദി-ആഫ്രിക്കന്‍ ഉച്ചകോടിയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭരണാധികളും പ്രതിനിധികളും പങ്കെടുത്തു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങളെ അവരുടെ സമ്പത്തും കഴിവുകളും ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിട്ടതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതോടൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളിലെ സൗദിയുടെ നിക്ഷേപങ്ങളുടെയും വികസന പദ്ധതികളുടെയും സ്വാധീനം വര്‍ധിപ്പിക്കുക, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുമായുള്ള സൗദിയുടെയും അറബ് രാജ്യങ്ങളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതും ലക്ഷ്യമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.