ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തിനെതിരെ അറബ്-ഇസ്ലാമിക് ഉച്ചകോടി

 ഇസ്രയേല്‍-ഹമാസ്  സംഘര്‍ഷം: അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തിനെതിരെ  അറബ്-ഇസ്ലാമിക് ഉച്ചകോടി

റിയാദ്: ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തിനെതിരെ വിമര്‍ശനമുയര്‍ത്തി അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി.

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും നടപ്പാക്കാനും ഗാസയ്ക്ക് മേലുള്ള ഉപരോധം അടിയന്തരമായി അവസാനിപ്പിക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. കിഴക്കന്‍ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര പാലസ്തീന്‍ എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി നിലപാട് വ്യക്തമാക്കി.

കേവലം വെടിനിര്‍ത്തല്‍ എന്ന ആവശ്യപ്പെടുന്നതിനപ്പുറം ഇസ്ലാമിക രാജ്യങ്ങള്‍ ശക്തമായ നിലപാടുകളിലേക്ക് പോവുകയാണ് എന്നാണ് ഉച്ചകോടി നല്‍കുന്ന സൂചന. അന്താരാഷ്ട്ര വേദികളില്‍ നിരന്തരം വെടിനിര്‍ത്തലാവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതില്‍ അറബ് മേഖലയുടെ അതൃപ്തിയും ഉച്ചകോടി ആവര്‍ത്തിച്ചു.

സിവിലിയന്മാര്‍ ആക്രമിക്കപ്പെടുന്നതില്‍ ദുഖം രേഖപ്പെടുത്തിയ സമ്മേളനം ഉപരോധവും കൈയേറ്റവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗാസയില്‍ നിന്ന് ജനങ്ങളെ തുടച്ചുനീക്കി പ്രദേശം കൈയടക്കാനുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്ന് ഉച്ചകോടിയില്‍ വിമര്‍ശനമുയര്‍ന്നു. സ്വതന്ത്ര പാലസ്തീനെന്ന പൊതുനിലപാടില്‍ മാറ്റമില്ലെന്നും ഉച്ചകോടി വ്യക്തമാക്കി.

സൗദി, യുഎഇ, ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങി അറബ് രാജ്യങ്ങളെല്ലാം ഉച്ചകോടിയില്‍ പങ്കെടുത്തു. സൗദിയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും ഉച്ചകോടിക്കായി സൗദിയിലെത്തിയിരുന്നു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ യോഗങ്ങള്‍ വെവ്വേറെ നടത്തുന്നത് അവസാന നിമിഷം മാറ്റി സംയുക്ത ഉച്ചകോടിയാക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.