ഐ.എസിന് അനുകൂല നിലപാട്: കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണത്തിന് പദ്ധതി; ഏഴ് പേര്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം

 ഐ.എസിന് അനുകൂല നിലപാട്: കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണത്തിന് പദ്ധതി; ഏഴ് പേര്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ അറസ്റ്റിലായ ഏഴു പേര്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. ഇവര്‍ ഭീകര പ്രവര്‍ത്തനത്തിന് പണം ചെലവിട്ടതായി കുറ്റപത്രത്തില്‍ പറയുന്നു. ഐ.എസിന് അനുകൂലമാണ് അവരുടെ നിലപാടെന്നും എന്‍.ഐ.എ. വ്യക്തമാക്കി.

മാത്രമല്ല, പിടിയിലായ ഏഴ് പേരും മികച്ച വിദ്യാഭ്യാസം നേടിയവരാണെന്നും കുറ്റപത്രത്തിലുണ്ട്. അറസ്റ്റിലായ സുള്‍ഫിക്കര്‍ ബഹുരാഷ്ട്ര കമ്പനിയില്‍ സീനിയര്‍ പ്രോജക്ട് മാനേജറായിരുന്നു. 31 ലക്ഷം രൂപയായിരുന്നു ഇയാളുടെ പ്രതിവര്‍ഷ ശമ്പളം. പ്രതിപ്പട്ടികയിലുള്ള ഷാനവാസ് മൈനിങ് എന്‍ജിനീയറായിരുന്നു. ഇയാള്‍ക്ക്സ്ഫോടക വസ്തുക്കളെക്കുറിച്ചു വ്യക്തമായ ധാരണയുണ്ട്. മറ്റൊരു പ്രതി കാദിര്‍ പത്താന്‍ ഗ്രാഫിക് ഡിസൈനറായിരുന്നു.

ഇവര്‍ പുനെയില്‍ യോഗം ചേര്‍ന്ന് സംഘത്തിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ സംഘത്തിലേക്ക് പുതിയ ആളുകളെ ചേര്‍ക്കാന്‍ ശ്രമിച്ചത്. വിദേശത്തുള്ള ഭീകരരുമായും ഇവര്‍ സമ്പര്‍ക്കത്തിലായിരുന്നു. ഇന്ത്യയിലെ ഐ.എസ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് വിശദീകരിക്കുന്ന രേഖകളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തുവെന്ന് എ്ന്‍ഐഎ അറിയിച്ചു.

മുസ്ലീംങ്ങളെ ദ്രോഹിക്കുന്ന ഇതര വിഭാഗത്തില്‍പ്പെട്ടവരോട് പ്രതികാരം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ എന്‍.ഐ.എ വ്യക്തമാക്കുന്നു. ഐ.എസ് ഭീകരന്‍ അബു റയ്യാന്‍ അല്‍ ഹിന്ദിയുമായി ഭീകരര്‍ക്ക് ബന്ധമുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു. മലയാളിയാണ് അബു റയ്യാന്‍. അബു റവാഹ അല്‍ ഹിന്ദി, അബു നോവ അല്‍ ഹിന്ദി എന്നീ ഐ.എസ് ഭീകരരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്.

സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള രാസവസ്തുക്കള്‍ വാങ്ങാനായി കോഡ് ഭാഷയാണ് ഭീകരര്‍ ഉപയോഗിച്ചിരുന്നത്. സള്‍ഫ്യൂരിക് ആസിഡിനെ വിനാഗിരി എന്നാണ് സന്ദേശങ്ങളില്‍ കുറിച്ചിരുന്നത്. അസറ്റോണിന് പനിനീര്‍, ഹൈഡ്രജന്‍ പെറോക്സൈഡിന് സര്‍ബ്ബത്ത് എന്നിങ്ങനെയാണ് ഉപയോഗിച്ചിരുന്നത്.
കേരളം, കര്‍ണാടക, ഗോവ, തെലങ്കാന, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ യാത്ര നടത്തിയിട്ടുണ്ട്. സ്ഫോടനങ്ങള്‍ നടത്താനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനായിരുന്നു യാത്രകളെന്നും എന്‍.ഐ.എയെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.