'കനേഡിയന്‍ നയതന്ത്രജ്ഞരെ തിരിച്ചയച്ച സംഭവം വിയന്ന കണ്‍വെന്‍ഷന്റെ ലംഘനം': ഇന്ത്യക്കെതിരെ വീണ്ടും ട്രൂഡോ

'കനേഡിയന്‍ നയതന്ത്രജ്ഞരെ തിരിച്ചയച്ച സംഭവം വിയന്ന കണ്‍വെന്‍ഷന്റെ ലംഘനം': ഇന്ത്യക്കെതിരെ വീണ്ടും ട്രൂഡോ

ഒട്ടാവ: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചാല്‍ അത് ലോകത്തെ മുഴുവന്‍ അപകടകരമായി ബാധിക്കുമെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. ഇന്നലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ പൗരന്റെ വധത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് തങ്ങള്‍ മനസിലാക്കിയപ്പോള്‍ മുതല്‍ സഹകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും ജനാധിപത്യത്തിന്റെ പരമാധികാരത്തിന്റെയും ഗുരുതര ലംഘനമായ ഈ സംഭവം അമേരിക്ക അടക്കമുള്ള സുഹൃദ്, സഖ്യ രാജ്യങ്ങളുമായി തങ്ങള്‍ പങ്കുവച്ചു. അന്വേഷണം തുടരുന്നതിനാല്‍ എല്ലാ പങ്കാളികളുമായും പ്രവര്‍ത്തിക്കുന്നത് തങ്ങള്‍ തുടരുമെന്നും അദേഹം പറഞ്ഞു.

40ലേറെ കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ തിരിച്ചയച്ച സംഭവം വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ്. ഇന്ത്യയുടേത് ഏകപക്ഷീയമായ നീക്കമാണ്. ഇന്ത്യയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കാനഡ ശ്രമിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായിരുന്ന നിജ്ജര്‍ കഴിഞ്ഞ ജൂണ്‍ 18നാണ് കാനഡയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്ക്ക് മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.